ഉച്ചവിശ്രമനിയമം തെറ്റിച്ചതിന് 27 പേർക്ക് നേരെ നടപടിയെടുത്തതായി ബഹ്റൈൻ തൊഴിൽമന്ത്രി


ഉച്ചവിശ്രമനിയമം  സ്വകാര്യ മേഖലയിൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വിവിധ തൊഴിലിടങ്ങളിൽ പരിശോധന നടത്തി.   കടുത്ത ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനാണ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയത്.  മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം നടത്തിയ പരിശോധനയിൽ തൊഴിലിടങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രി സ്ഥാപനങ്ങളിലെ സൂപ്പർവൈസർമാരോട് ചോദിച്ചറിഞ്ഞു.

ഈ വർഷം  ഇതുവരെ 16 തൊഴിലിടങ്ങളിൽ മാത്രമാണ് നിയമലംഘനം കണ്ടെത്തിയത്. നിയമം ലഘിച്ചതിന് 27 തൊഴിലാളികൾക്കെതിരെ നടപടി എടുത്തു. ഇവർക്കെതിരായ കേസ് നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.   വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമം ലംഘിച്ചാൽ മൂന്ന് മാസത്തിൽ കവിയാത്ത തടവോ 500 ദീനാറിനും 1000 ദീനാറിനുമിടയിൽ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ ലഭിക്കുക. 

You might also like

Most Viewed