വൈസ് അഡ്മിറൽ സഞ്ജയ് മഹീന്ദ്രു ബഹ്റൈൻ ഭരണാധികാരികളുമായും സൈനിക തലവൻമാരുമായും ചർച്ച നടത്തി

ഇന്ത്യയും ബഹ്റൈനും തമ്മിലെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ സഞ്ജയ് മഹീന്ദ്രു ഭരണാധികാരികളുമായും സൈനിക തലവൻമാരുമായും ചർച്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി ചർച്ച നടത്തിയ അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധരംഗത്ത് ഉൾപ്പെടെ വർധിച്ചുവരുന്ന പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ത്വയ്യിബ് ബിൻ സഖ്ർ അൽ നുഐമി, റോയൽ ബഹ്റൈൻ നാവിക സേന ഡെപ്യൂട്ടി കമാൻഡർ റിയർ അഡ്മിറൽ സലാഹ് മുഹമ്മദ് ഹെജ്രെസ് എന്നിവരെയും അദ്ദേഹം കണ്ടു. ബഹ്റൈനിലെ അമേരിക്കൻ നാവികസേന സെൻട്രൽ കമാൻഡും സംയുക്ത സമുദ്രസേന ആസ്ഥാനവും സഞ്ജയ് മഹീന്ദ്രു സന്ദർശിച്ചു.
സന്ദർശനത്തോടനുബന്ധിച്ച് മനാമ തുറമുഖത്തെത്തിയ ഐ.എൻ.എസ് തേഗ് പടക്കപ്പലിനെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സംയുക്ത സമുദ്രസേന കമാൻഡർ വൈസ് അഡ്മിറൽ ചാൾഡ് ബി കൂപ്പർ, റോയൽ ബഹ്റൈൻ നാവികസേന പ്രതിനിധി ബ്രിഗേഡിയർ ജനറൽ അബ്ദുൽ അസീസ് അൽ അസ്മി, ബഹ്റൈൻ പാർലമെന്‍റ് അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ജൂലൈ 26 മുതൽ 29 വരെയായിരുന്നു വൈസ് അഡ്മിറൽ സഞ്ജയ് മഹീന്ദ്രു ബഹ്റൈൻ സന്ദർശിച്ചത്.