ബഹ്റൈനിൽ ഡിജിറ്റൽ പണമിടപാടിൽ വൻ വർദ്ധനവ്

രാജ്യത്തെ ഡിജിറ്റൽ പണമിടപാട് അതിവേഗം വളർച്ച പ്രാപിക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിൽ 14 ദശലക്ഷത്തിലധികം കറൻസി രഹിത ഇടപാടുകളാണ് രാജ്യത്ത് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 74 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വ്യാപാരസ്ഥാപനങ്ങളിലെ പോയന്‍റ് ഓഫ് സെയിൽ (പി.ഒ.എസ്) മെഷീൻ മുഖേന നടത്തുന്ന ഇടപാടുകളും ഇ-കോമേഴ്സ് ഇടപാടുകളും മികച്ച വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ രണ്ട് രീതികളിലൂടെയുമുള്ള പണമിടപാട് ജൂണിൽ 331.6 ദശലക്ഷം ദിനാറായി ഉയർന്നു. 65.2 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. ഈ പ്രവണത വരും നാളുകളിൽ വർധിക്കുമെന്ന സൂചനയാണ് സി.ബി.ബിയുടെ റിപ്പോർട്ട് നൽകുന്നത്. ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്നത് റസ്റ്റാറന്‍റ്, സൂപ്പർമാർക്കറ്റ്, സർക്കാർ സേവനങ്ങൾ, ആരോഗ്യം, വസ്ത്രം-പാദരക്ഷ എന്നീ മേഖലകളിലാണ്.