ബഹ്റൈനിലുള്ളവർക്ക് സ്വഭാവ സർട്ടിഫിക്കറ്റിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം


ബഹ്റൈനിലുള്ളവർക്കും, നേരത്തേ ഉണ്ടായിരുന്നവർക്കും ഇനി മുതൽ സ്വഭാവ സർട്ടിഫിക്കറ്റിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. bahrain.bh എന്ന നാഷനൽ ഇ-ഗവൺമെന്‍റ് പോർട്ടലിലാണ് പുതിയ ഇലക്ട്രോണിക് സേവനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻഫർമേഷൻ ഡിപ്പാർട്മെന്‍റ് അറിയിച്ചു. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റിയുമായി സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. അപേക്ഷയുടെ തൽസ്ഥിതി അറിയാനും സർട്ടിഫിക്കറ്റിന്‍റെ സാധുത പരിശോധിക്കാനും പോർട്ടൽ വഴി സാധിക്കും.

നേരത്തേ ബഹ്റൈനിലുണ്ടായിരുന്നവർ ബഹ്റൈനിൽ താമസിച്ചിരുന്ന കാലത്തെ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചാണ് അപേക്ഷ നൽകേണ്ടത്. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത വിരലടയാളവും അപേക്ഷക്കൊപ്പം വേണം. വിരലടയാളം ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ താമസിക്കുന്ന രാജ്യത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി വിരലടയാളം അപ്ലോഡ് ചെയ്യാവുന്നതാണ്. വിദേശത്തുള്ളവർക്ക് ഓൺലൈനിൽ മാത്രമാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. സ്വഭാവ സർട്ടിഫിക്കറ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെങ്കിൽ 80008001 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed