മൈത്രി സോഷ്യൽ അസോസിയഷന്റെ അഞ്ചാമത് വാർഷികം ജൂലൈ 11ന്

ബഹ്റൈനിലെ മൈത്രി സോഷ്യൽ അസോസിയഷന്റെ അഞ്ചാമത് വാർഷികവും ഈദ് ഫെസ്റ്റ് 20222 ഉം ജൂലൈ 11ന് നടക്കും. സഗയയിലെ കെസിഎ ഹാളിൽ വെച്ച് വൈകീട്ട് 6.30 മുതൽ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറായ പി എ എം ഗഫൂർ മുഖ്യപ്രഭാഷണം നടത്തും. ഇതിന് ശേഷം ഗായകനായ ഇമ്രാൻ ഖാൻ നയിക്കുന്ന ഇശൽ നിലാവും അരങ്ങേറും. തെക്കൻ കേരളത്തിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മയായ മൈത്രി സോഷ്യൽ അസോസിയേഷനിൽ 250ഓളം അംഗങ്ങളാണ് പ്രവർത്തിക്കുന്നത്. ജൂലൈ 15ന് സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് വാർഷികപരിപാടികളുടെ ഭാഗമായി രക്തദാന ക്യാമ്പും ഇവർ സംഘടിപ്പിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി മുസ്തഫ സുനിൽ, സെക്രട്ടറി സലീം തയ്യിൽ, ട്രഷറർ അബ്ദുൽ ബാരി, വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ, സ്വാഗതസംഘം ചെയർമാൻ ഷിബു പത്തനംതിട്ട, പ്രോഗ്രാം കൺവീനർ ഷിബു ബഷീർ എന്നിവർ പങ്കെടുത്തു.