പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറത്തിന്റെ ഉദ്ഘാടനം ജൂലായ് 1ന്

ബഹ്റൈനിലെ മലയാളികളായ പുരോഗമന വീക്ഷണമുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മ എന്ന രീതിയിൽ രൂപീകരിക്കപ്പെട്ട പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറത്തിന്റെ ഉദ്ഘാടനം ജൂലായ് 01ന് വെള്ളിയാഴ്ച്ച വൈകീട്ട് കെസിഎ ഹാളിൽ വെച്ച് മുൻ ധനകാര്യമന്ത്രി ഡോ തോമസ് ഐസക്ക് നിർവഹിക്കും. ഇതോടൊപ്പം "കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം- സാധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യത്യസ്തങ്ങളായ പ്രൊഫഷണൽ മേഖലകളിൽ നിന്നുള്ള വൈദഗ്‌ധ്യം സമാഹരിക്കാനും ഫലപ്രദമായ അക്കാദമിക് ഇവന്റുകളിലൂടെ അവ മെച്ചപ്പെടുത്താനും പി പി എഫ് ശ്രമിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഓർഗനസിംഗ് കമ്മറ്റി ചെയർമാൻ ഇ എ . സലിം, സെക്രട്ടറി അഡ്വക്കേറ്റ് ശ്രീജിത് കൃഷ്ണൻ, രക്ഷാധികാരി പി കെ ഷാനവാസ്, ഭാരവാഹികളായ ഡോ. കൃഷ്ണ കുമാർ, റാം. ട്രഷറർ റഫീഖ് അബ്ദുല്ല എന്നിവർ പങ്കെടുത്തു.