കെ.എസ്.സി.എയ്ക്ക് ചരിത്രനേട്ടം: പ്രഥമ വനിതാ ജനറൽ സെക്രട്ടറിയായി ഡോ. ബിന്ദു നായർ ചുമതലയേറ്റു
പ്രദീപ് പുറവങ്കര / മനാമ
ബഹ്റൈനിലെ സർക്കാർ അംഗീകൃത പ്രവാസി അസോസിയേഷനുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് കെ.എസ്.സി.എ (KSCA). സംഘടനയുടെ പ്രഥമ വനിതാ ജനറൽ സെക്രട്ടറിയായി ഡോ. ബിന്ദു നായർ സ്ഥാനമേറ്റു. പ്രസിഡന്റ് രാജേഷ് നമ്പ്യാരിൽ നിന്നും ഭരണഘടനയുടെ പകർപ്പ് സ്വീകരിച്ചാണ് അവർ ചുമതലയേറ്റെടുത്തത്. ഡിസംബർ 19-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഡോ. ബിന്ദു നായരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലേക്ക് വനിതാ പ്രാതിനിധ്യം വരുന്നത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ഗുണപരമായ മാറ്റങ്ങളും നൽകുമെന്ന് പ്രസിഡന്റ് രാജേഷ് നമ്പ്യാർ അഭിപ്രായപ്പെട്ടു.
സാമ്പത്തിക അച്ചടക്കം, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ, യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണം, ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് മറുപടി പ്രസംഗത്തിൽ ഡോ. ബിന്ദു നായർ വ്യക്തമാക്കി. ബഹ്റൈൻ വിഷൻ 2030-നോട് ചേർന്നുനിൽക്കുന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
യോഗത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി സതീഷ് പ്രവർത്തന റിപ്പോർട്ടും വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ് നമ്പ്യാർ, അനൂപ് പിള്ള, സുജിത്ത് കുമാർ എന്നിവരും മുൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
jlj
