ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു.കോവിഡിന് ശേഷം നേരിട്ടുള്ള രണ്ടാമത്തെ ഓപൺ ഹൗസാണ് വിജയകരമായി നടത്തിയത്. ഓപൺ ഹൗസിന്റെ പരിഗണനക്ക് വന്ന വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ ചിലത് ഇന്നലെ തന്നെ പരിഹരിച്ചു. മറ്റ് പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു. എല്ലാ വർഷവും ജൂൺ 24ന് ആചരിക്കുന്ന പാസ്പോർട്ട് സേവ ദിവസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടാണ് അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഓപൺ ഹൗസിന് തുടക്കം കുറിച്ചത്.
ഇതോടനുബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ സന്ദേശവും അദ്ദേഹം വായിച്ചു. ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധിയുടെ സഹായത്തോടെ ഈ മാസം മാത്രം നാല് ഗാർഹിക തൊഴിലാളികളെയാണ് മടക്കി അയച്ചതെന്ന് ഇന്ത്യൻ സ്ഥാപനതി പറഞ്ഞു. ബഹ്റൈനിൽ കുടുങ്ങിയ തമിഴ്നാട്ടിൽനിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികളെയും എംബസിയുടെ ഇടപെടലിലൂടെ തിരിച്ചയക്കാൻ സാധിച്ചുവെന്നും, പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് മുർസിൽ എന്നയാളെ എംബസിയുടെയും ഐ.സി.ആർ.എഫിന്റെയും സഹകരണത്തോടെ തിരിച്ചയച്ചുവെന്നും, അംബാസിഡർ അറിയിച്ചു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കുചേർന്ന പ്രവാസി സമൂഹത്തിന് നന്ദി രേഖപ്പെടുത്തിയ സ്ഥാനപതി കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബഹ്റൈൻ സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന മുൻകരുതലുകൾ പാലിക്കണമെന്നും ഓർമിപ്പിച്ചു.