ബഹ്‌റൈൻ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്‌കാരം; പുതിയ നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം


പ്രദീപ് പുറവങ്കര / മനാമ 

ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള പുതിയ നിയമത്തിന് ശൂറ കൗൺസിൽ തത്വത്തിൽ അംഗീകാരം നൽകി. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള 1998-ലെ 25-ാം നമ്പർ നിയമത്തിന് പകരമായാണ് 36 ആർട്ടിക്കിളുകളുള്ള പുതിയ ബില്ല് കൊണ്ടുവരുന്നത്. രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണം മുൻകാലങ്ങളേക്കാൾ ഇരട്ടിയായി വർധിച്ച സാഹചര്യത്തിൽ പഴയ നിയമം നിലവിലെ യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ ശൂറ കൗൺസിലിൽ വ്യക്തമാക്കി.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിന് കീഴിലാകും. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ സ്കൂളുകൾക്ക് അനുവാദമുണ്ടാകില്ല. ഫീസ് വർധനവ് സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ സുതാര്യമായ അപ്പീൽ സംവിധാനം ഏർപ്പെടുത്തുമെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. ലൈസൻസിങ് നടപടികൾ കൂടുതൽ ലഘൂകരിക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയത്തിന്റെ പ്രാഥമിക അംഗീകാരം ലഭിച്ച ശേഷം മറ്റ് അതോറിറ്റികളിൽ നിന്ന് അനുമതി തേടിയാൽ മതിയാകും.

സ്കൂൾ മാനേജ്‌മെന്റുകളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ കൗൺസിലുകൾ എല്ലാ സ്കൂളുകളിലും നിർബന്ധമാക്കും. സുരക്ഷാ നടപടികളുടെ ഭാഗമായി, സ്കൂൾ ജീവനക്കാരെ നിയമിക്കുന്നതിന് മുൻപ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കർശനമായ പരിശോധനകൾ നടത്തും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ലൈസൻസില്ലാതെ പ്രവർത്തിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ഒരു ലക്ഷം ബഹ്‌റൈൻ ദിനാർ വരെ പിഴയും, ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവ് ശിക്ഷയും ലൈസൻസ് റദ്ദാക്കലും നേരിടേണ്ടി വരും.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ലൈസൻസ് പുതുക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിൽ ബഹ്‌റൈനിലെ 81 സ്വകാര്യ സ്കൂളുകളിലായി തൊണ്ണൂറായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പുതിയ നിയമം നടപ്പിലാകുന്നതോടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടുമെന്ന് ശൂറ കൗൺസിൽ സർവിസ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ജമീല അൽ സൽമാൻ പറഞ്ഞു.

article-image

sfsf

You might also like

  • Straight Forward

Most Viewed