സാമ്പത്തിക ഉത്തേജന പാക്കേജ് വിലയിരുത്തി ബഹ്റൈൻ മന്ത്രി സഭാ യോഗം

കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ നേരിടാനായി നടപ്പിലാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച 27 പദ്ധതികളുടെ പുരോഗതി ബഹ്റൈൻ മന്ത്രിസഭ യോഗം വിലയിരുത്തി. ഗുദൈബിയ പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ രാജ്യത്തെ സാമ്പത്തികനില വിവിധ മേഖലകളിൽ വളർച്ച രേഖപ്പെടുത്തുന്നതായി വിലയിരുത്തി. വിഭാവനം ചെയ്ത 27 പദ്ധതികളിൽ 16 പദ്ധതികളാണ് ഇപ്പോൾ പൂർത്തികരിച്ചിരിക്കുന്നത്. സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പാക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കും പ്രശംസനീയമാണെന്ന് മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു. വിവിധ മന്ത്രിമാർ വിവിധ യോഗങ്ങളിലും സമ്മേളനങ്ങളിലും സംബന്ധിച്ചതിന്റെ റിപ്പോർട്ടുകൾ മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു.