ബഹ്റൈനിൽ കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചത് 46 പേർ
ബഹ്റൈനിൽ കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് 46 പേർക്കാണ് മരണം സംഭവിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് മരണ നിരക്ക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജൂലൈ മുതലുള്ള കോവിഡ് മരണ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്. അതേ സമയം പുതിയ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതർ പറയുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിൽ പുതിയ കോവിഡ് കേസുകളിൽ 70 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1455 ആയി. കഴിഞ്ഞ ദിവസം 2,752 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 26,849 ആയി. നിലവിൽ 41 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 1,550 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,89,331 ആയിട്ടുണ്ട്.

