ബഹ്റൈനിലെ ആദ്യത്തെ ഗോൾഡൻ വിസ എം എ യൂസഫലിക്ക്

ബഹ്റൈൻ പ്രഖ്യാപ്പിച്ച പത്ത് വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യത്തെ വ്യക്തിയായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ഇന്ന് ഗുദേബിയ പാലസിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ആദ്യത്തെ ഗോൾഡൻ വിസ 001 എന്ന നമ്പറിൽ എം എ യൂസഫലിക്ക് നൽകാൻ തീരുമാനമെടുത്തത്.
തന്റെ ജീവിതത്തിൽ ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്നും ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫയ്ക്കും, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്റൈൻ ഗവൺമെന്റിനും നന്ദി രേഖപ്പെടുത്തുന്നതായും ഗോൾഡൻ വിസ ലഭിച്ചതിന് ശേഷം യൂസഫലി പ്രസ്താവിച്ചു. ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം പുതിയ നിക്ഷേപകരെ ആകർഷിക്കുമെന്നും ബഹ്റൈന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.