പന്ത്രണ്ട് വർഷം മുൻപുള്ള പക; പാക് സ്വദേശിയെ ബഹ്‌റൈനിൽ പിന്തുടർന്ന് കൊലപ്പെടുത്തി; പ്രതികൾ പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വർഷങ്ങൾക്ക് മുൻപ് പാകിസ്താനിൽ നടന്ന കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ബഹ്‌റൈനിൽ എത്തിയ രണ്ട് പാക് സ്വദേശികൾ മുൻ അയൽവാസിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പാകിസ്താൻ സ്വദേശിയായ വാസിഫ് അഹമ്മദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25-ഉം 28-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

പാകിസ്താനിൽ വെച്ച് പ്രതികളുടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ വാസിഫ് അഹമ്മദ് 12 വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാൾ കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് മാപ്പിരന്നുവെങ്കിലും അവർ അത് സ്വീകരിച്ചില്ല. തുടർന്ന് ജീവന് ഭീഷണിയുണ്ടായതിനെത്തുടർന്നാണ് വാസിഫ് സുരക്ഷ തേടി ബഹ്‌റൈനിലേക്ക് എത്തിയത്. എന്നാൽ പ്രതികൾ ഇയാളെ പിന്തുടർന്ന് ബഹ്‌റൈനിലെത്തുകയായിരുന്നു. പ്രതികൾ ഏകദേശം ആറാഴ്ചയോളം വാസിഫ് അഹമ്മദിനെ നിരീക്ഷിച്ചു. ഇയാൾ വീട്ടിൽ നിന്ന് പോകുന്നതും വരുന്നതുമായ സമയങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം ഡിസംബർ 28-ന് ബുദയ്യയിലെ ഇരുളടഞ്ഞ ഒരു ഇടവഴിയിൽ വെച്ച് ഇവർ ആക്രമണം നടത്തുകയായിരുന്നു.

കത്തിയും കോടാലിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ശരീരമാസകലം മാരകമായി മുറിവേറ്റ വാസിഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ കിംഗ് ഫഹദ് കോസ്‌വേയിൽ വെച്ച് മൂന്ന് മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം നടന്ന വിചാരണയിൽ പബ്ലിക് പ്രോസിക്യൂഷൻ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി. ഇതൊരു വെറും കൊലപാതകമല്ലെന്നും കൃത്യമായി പ്ലാൻ ചെയ്ത 'മരണശിക്ഷ നടപ്പാക്കൽ' ആണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്ക് യാതൊരു ദയയും കാണിക്കരുതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട വാസിഫിന്റെ സഹോദരനും കോടതിയിൽ സാക്ഷി പറഞ്ഞു. പ്രതികൾ തന്റെ സഹോദരനെ വധിക്കാൻ നേരത്തെയും പലതവണ ശ്രമിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് വെച്ച് അക്രമം കണ്ട ഈജിപ്ഷ്യൻ സ്വദേശിയായ ബാർബർ ഉൾപ്പെടെയുള്ള സാക്ഷികളും കോടതിയിൽ മൊഴി നൽകി. കേസ് കൂടുതൽ വാദത്തിനായി ഫെബ്രുവരി 16-ലേക്ക് മാറ്റി.

article-image

sefsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed