'ഹോപ് ഈസ് ബോൺ' സംഘടിപ്പിച്ച് ബഹ്റൈൻ മാർത്തോമ്മാ ഇടവക

ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ക്രിസ്തുമസ് കരോൾ സർവീസ് 'ഹോപ് ഈസ് ബോൺ' സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ വെച്ച് ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ക്രിസ്തുമസ് ആരാധനയോടെ ആരംഭിച്ച സമ്മേളനത്തിൽ വീഡിയോ സന്ദേശങ്ങളിലൂടെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തുകയും കോട്ടയം - കൊച്ചി ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പാ, സഭാ സെക്രട്ടറി റവ. സി. വി. സൈമൺ എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു.
കേരളാ പോലീസ് മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇടവക സഹവികാരി റവ. വി.പി. ജോൺ എന്നിവർ ആശംസകൾ നേർന്നു. ഇടവകയിലെ പോഷക സംഘടനാ പ്രതിനിധികൾ വേദവായനയ്ക്ക് നേതൃത്വം നല്കി. ഇടവക വൈസ് പ്രസിഡൻ്റ് കുരുവിള വർക്കി പ്രാരംഭ പ്രാർത്ഥനയും സെക്രട്ടറി സൺസി ചെറിയാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രതീഷ് തോമസ് നന്ദിയും രേഖപ്പെടുത്തി. ട്രസ്റ്റി ബിജു കുഞ്ഞച്ചനാണ് സമാപന പ്രാർത്ഥന നടത്തിയത്.