ലോജിസ്റ്റിക്ക് മേഖലയിൽ കുതിച്ച് ചാട്ടത്തിനൊരുങ്ങി ബഹ്റൈൻ

മനാമ
2030ഓടെ ഏറ്റവും മികച്ച ലോജിസ്റ്റിക്സ് സേവനങ്ങൾ നൽകുന്ന 20 രാജ്യങ്ങളിലൊന്നായി ബഹ്റൈനെ മാറ്റുന്നതിനുള്ള പദ്ധതി തയാറാക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് അറിയിച്ചു. ഇതിന്റെ ഭാഗമായി 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ലോജിസ്റ്റിക്സ് മേഖലയുടെ സംഭാവന 10 ശതമാനമായി ഉയർത്തുമെന്നും, അടുത്ത ഒമ്പത് വർഷത്തിനുള്ളിൽ വ്യോമമാർഗമുള്ള ചരക്ക് കടത്തിന്റെ ശേഷി ഒരു മില്യൺ മെട്രിക് ടണ്ണായും കാർഗോ ശേഷി ഒരു മില്യൺ കണ്ടെയ്നറായും ഉയർത്തുമെന്നും ഇസാ കൾച്ചറൽ സെന്ററിൽ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന് പുതുതായി 25,000 ചതുരശ്ര മീറ്റർ എയർ കാർഗോ മേഖല നിർമിക്കുമെന്നും പ്രതിവർഷം 1.3 മില്യൺ ടൺ കാർഗോ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. 9000 ചതുരശ്ര മീറ്റർ ഏരിയ കൈകാര്യം ചെയ്യുന്നതിന് ഫെഡെക്സ് എക്സ്പ്രസുമായി 10 വർഷത്തെ കരാർ ഇതിനികം ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കസ്റ്റംസ് പ്രസിഡൻറ് ശൈഖ് അഹ്മദ് ബിൻ അഹ്മദ് ആൽ ഖലീഫയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.