ബഹ്റൈൻ നാഷണൽ ചാലഞ്ച് 2021 ബാഡ്മിന്റൺ ടൂർണമെന്റുമായി കേരളീയ സമാജം

മനാമ
ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 23 മുതൽ 27 വരെ അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ അംഗീകാരമുള്ള ബഹ്റൈൻ നാഷണൽ ചാലഞ്ച് 2021 എന്ന മത്സരം ബഹ്റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. അഞ്ച് കോർട്ടുകളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് പതിഞ്ചായിരം യു എസ് ഡോളറാണ് സമ്മാനമായി നൽകുന്നത്. ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറ്റി അമ്പത് കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 90 പേരാണ് പങ്കെടുക്കുന്നത്. മെൻസ് സിംഗിൾസ്, വുമൺസ് സിംഗിൾസ്, മെൻസ് ഡബിൾസ്, വുമൻസ് ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ലോക റാങ്കിൽ ആദ്യ നൂറിലുള്ള നിരവധി കളിക്കാരും ഇതിൽ പങ്കെടുക്കുന്നുണ്ട്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ബഹ്റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷൻ ട്രഷറർ ഇബ്രാഹിം കമാൽ , ബഹ്റൈൻ കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി, ബികെഎസ് ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ, ബഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് ടൂർണമെന്റ് ഡയറക്ടർ പ്രശോഭ് രാമനാഥൻ, ഇൻഡോർ ഗെയിംസ് കമ്മിറ്റി കൺവീനർ മുജീബ് റഹ്മാൻ, ഇൻഡോർ ഗെയിംസ് കമ്മിറ്റി അംഗം വിനോദ് വാസുദേവൻ എന്നിവർ ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.