എട്ടാം ക്ലാസുകാരിക്ക് ബഹ്‌റൈനിൽ തുടര്‍ പഠനത്തിന് പിതാവ് എൻ.ഒ.സി നൽകണം; ബാലാവകാശ കമ്മീഷന്‍


പത്തനംതിട്ട : ബഹ്റിനിലെ ഏഷ്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് തുടര്‍ പഠനത്തിന് എന്‍ഒസി നല്‍കാന്‍ കുട്ടിയുടെ പിതാവ് മനു വര്‍ഗീസിനോട് നിര്‍ദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. നിയമപരമായി വിവാഹ മോചനം നേടാത്ത അച്ഛന്‍ അമ്മയുടെ വിസ റദ്ദാക്കുകയും കുട്ടിയേയും അമ്മയേയും നാട്ടിലുപേക്ഷിച്ച് ബഹ്റിനിലെ സ്‌കൂളില്‍ പഠിക്കാനുള്ള തന്റെ അവസരം നിഷധിച്ചതായുള്ള കുട്ടിയുടെ പരാതി പരിഗണിച്ച് കമ്മീഷന്‍ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മനു വര്‍ഗീസ് ഉത്തരവ് കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ കുട്ടിക്ക് എന്‍ഒസി നല്‍കണം. കുട്ടിയോടൊപ്പം ബഹ്റിനില്‍ പോകുന്നതിനുള്ള വിസ ആവശ്യങ്ങള്‍ക്ക് അമ്മയ്ക്ക് എന്‍.ഒ.സി ഇ-മെയിലായും നല്‍കണം. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യ രാഷട്രസഭ നടത്തിയ പ്രഖ്യാപനം ബഹ്റിന്‍ അംഗീകരിച്ചിട്ടുള്ളതാണ്. ഉത്തരവ് അനുസരിക്കാന്‍ മനു വര്‍ഗീസ് തയാറാകാത്തപക്ഷം കുട്ടിക്ക് അമ്മയ്ക്കൊപ്പം ബഹ്റിനില്‍ പോകാനും തുടര്‍ പഠനത്തിനുള്ള എന്‍ഒസി ഉള്‍പ്പെടെ ലഭ്യമാക്കാനും ബഹ്റിനിലെ ഇന്ത്യന്‍ അംബാസഡര്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ഇതിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  

You might also like

Most Viewed