ബഹ്റൈൻ കേരളീയ സമാജം സാഹിത്യ അവാർഡ് ഓംചേരി എൻ.എൻ. പിള്ളയ്ക്ക്

മനാമ; സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് ബഹ്റൈൻ കേരളീയ സമാജം നൽകിവരുന്ന സാഹിത്യ അവാർഡിന് പ്രഫസർ ഓംചേരി എൻ.എൻ. പിള്ളയെ തിരഞ്ഞെടുത്തതായി പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു. മലയാള സാഹിത്യത്തിനും ഭാഷക്കും നൽകി വരുന്ന സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്. എം. മുകുന്ദൻ അധ്യക്ഷനായും ഡോ. കെ.എസ്. രവികുമാർ, ഡോ. വി.പി. ജോയി, പി.വി. രാധാകൃഷ്ണപിള്ള എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും ഉൾപ്പെടുന്നതാണ് പുരസ്കാരം. കോവിഡ് മാനദണ്ഡം പാലിച്ച് അവാർഡ് ദാന ചടങ്ങ് ഡൽഹിയിൽ സംഘടിപ്പിക്കുമെന്നും തീയതിയും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്നും ബഹ്റൈൻ കേരളീയ സമാജം വാർത്തക്കുറിപ്പിൽ അറിയിച്ചു. 2000 മുതലാണ് ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയത്.