ബഹ്റൈനിൽ പ്രവാസി സംഘടനകൾ ഓക്സിജൻ സിലണ്ടർ സമാഹാരണം തുടരുന്നു


മനാമ: ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് വേണ്ടി ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ നടത്തി വരുന്ന ഓക്സിജൻ സിലണ്ടർ സമാഹാരണം തുടരുകയാണ്.   ഇന്ത്യൻ എംബസിക്ക് നൽകിയ 280 ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ട പണത്തിന് പുറമേ കേരള മുഖ്യമന്ത്രിയുടെയും  നോർക്കയുടെയും  അഭ്യർത്ഥന മാനിച്ചു ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വകയായി കേരളത്തിലേക്കു 137  ഓക്സിജൻ സിലിഡണ്ടറടക്കമുള്ള  മെഡിക്കൽ ഉപകരണങ്ങൾ  അയക്കുന്നതിനുള്ള 14700 ബഹറൈനി ദിനാർ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള യതീം ഓക്സിജൻ പ്രതിനിധികൾക്ക് കൈമാറി. ശരാശരി അമ്പത് ലക്ഷത്തോളം ഇന്ത്യൻ രൂപ വരുന്ന മെഡിക്കൽ സഹായങ്ങൾ ഒരു വിദേശ മലയാളി സംഘടന ചെയ്യുന്നത് ഇതാദ്യമാണ്.

ഇത് കൂടാതെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ സംഭാവനയായ സിലിണ്ടറുകൾക്ക് തത്തുല്യമായ തുക എംബസിക്ക് കൈമാറിയതായി  കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡണ്ട് സുധീർ തിരുനിലത്ത്, സെക്രട്ടറി ജയേഷ്.വി.കെ, ട്രഷറർ റിഷാദ് വലിയകത്ത് എന്നിവർ അറിയിച്ചു. കോഴിക്കോട് ഇക്റ ആശുപത്രിയ്ക്ക് വേണ്ടി തണൽ ബഹ്റൈൻ ചാപ്റ്റർ നടത്തിയ  ഏകദിന ധനസമാഹരണത്തിലൂടെ 60 സിലിണ്ടറുകൾക്ക് വേണ്ട തുകകണ്ടെത്തിയെന്ന് ഭാരവാഹികൾ അറിയിച്ചു. 

You might also like

Most Viewed