നാട്ടിലേയ്ക്ക് പോകുമ്പോൾ കോവിഡ് സെർട്ടിഫിക്കേറ്റ് ; പ്രവാസികൾ വീണ്ടും ആശങ്കയിൽ
മനാമ:
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർ, യാത്രയുടെ എഴുപ്പത്തിരണ്ട് മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധന സെർട്ടിഫിക്കേറ്റ് കൈയിൽ കരുതുകയും, അത് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നുമുള്ള ഉത്തരവ് വന്നതോടെ ഗൾഫ് നാടുകളിൽ നിന്നും വരും ദിവസങ്ങളിൽ യാത്രചെയ്യാൻ തീരുമാനിച്ചവരുടെ ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്. 2021 ഫെബ്രവരി 22ന് അർദ്ധരാത്രി മുതൽക്ക് പ്രാബല്യത്തിൽ വരുന്ന തീരുമാനം കോവിഡ് സാഹചര്യത്തിൽ വല്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികളെ കൂടുതൽ പ്രയാസത്തിലാക്കുമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേർക്കുമുള്ളത്.
ബഹ്റൈനിൽ നിന്ന് ഫെബ്രവരി 22ന് യാത്ര ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന പലരും പിസിആർ ടെസ്റ്റിന്റെ കാര്യത്തിൽ പല വിധ സംശയങ്ങൾ ഉള്ളവരാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്ന നിർദേശ പ്രകാരം ഫെബ്രവരി 22ന് ഇന്ത്യൻ സമയം രാത്രി 11.59 മുതൽക്കാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ഇതേ അറിയിപ്പാണ് എയർ ഇന്ത്യ അധികൃതരും നൽകിയിരിക്കുന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് 12.30ഓടെ ബഹ്റൈനിൽ നിന്ന് കണ്ണൂരിലേയ്ക്ക് തിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കോവിഡ് പരിശോധന സെർട്ടിഫിക്കേറ്റിന്റെ ആവശ്യമില്ലെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചിട്ടുമുണ്ട്. അതേ സമയം അന്നേ ദിവസം കോഴിക്കോടേക്ക് ഉച്ചയ്ക്ക് യാത്ര ചെയ്യുന്ന ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാർക്ക് പരിശോധന ഫലം ആവശ്യമാണെന്ന് വിവിധ ട്രാവൽ ഏജൻസികളും യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. വിമാനയാത്രയിൽ വന്നേക്കാവുന്ന കാലതാമസം കണക്കിലെടുത്താണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത് എന്നാണ് അറിയുന്നത്. ബഹ്റൈനിൽ നിന്ന് അന്ന് തന്നെ വൈകുന്നേരം നാല് മണിക്ക് പുറപ്പെടുന്ന എയർ അറേബ്യയിലെ യാത്രക്കാർക്ക് പരിശോധന ഫലം കൈവശം വെക്കേണ്ടതാണെന്ന് മനസിലാക്കുന്നു. ഫെബ്രവരി 23ന് രാവിലെ ഷാർജ വഴി നാട്ടിലെത്തുന്നത് കാരണമാണ് ഈ സെർവീസ് ഉപയോഗിക്കുന്നവർക്ക് പരിശോധന ഫലം നിർബന്ധമാക്കുന്നത്.
ബഹ്റൈനിൽ രണ്ട് രീതിയിലാണ് കോവിഡ് പരിശോധന ഫലം ലഭിക്കുന്നത്. ഇതിൽ ആദ്യത്തേത് സൗജന്യമായി ഗവൺമെന്റ് നൽകുന്നതാണ്. 444 എന്ന നന്പറിൽ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്ത് കോവിഡ് പരിശോധന നടത്തുകയോ, വിവിധ സ്ഥലങ്ങളിൽ വെച്ച് നടത്തുന്ന മൊബൈൽ കോവിഡ് പരിശോധന സൗകര്യത്തിൽ പങ്കാളിയായോ പരിശോധന ഫലം നേടാവുന്നതാണ്. ബി അവേർ അപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യുന്ന പരിശോധന ഫലം പ്രിന്റ് എടുത്ത് കൈവശം വെക്കാവുന്നതാണ്. ഇതല്ലെങ്കിൽ സ്വകാര്യ ആശുപത്രികൾ മുഖേനയാണ് കോവിഡ് പരിശോധന നടത്താൻ സാധിക്കുക. ഇതിന് ഇരുപത് ദിനാർ മുതൽക്കാണ് ഈടാക്കുന്നത്.
സെൽഫ് ഡിക്ളറേഷൻ ഫോമിനൊടൊപ്പമാണ് എയർ സുവിധ പോർട്ടലിൽ നെഗറ്റീവ് സെർട്ടിഫിക്കേററ് അപ് ലോഡ് ചെയ്ത് വെക്കേണ്ടത്. ഇതു കൂടാതെ ഇവയുടെ രണ്ട് പ്രിന്റ്ഔട്ടുകളും കൈവശം വെക്കേണ്ടതാണ്. സെർട്ടിഫിക്കേറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സ്വീകരിക്കില്ല. മൊബൈൽ ഫോണിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തുവെക്കേണ്ടതാണെന്നും നിർദേശങ്ങളിൽ പറയുന്നു.നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽ വെച്ച് തന്നെ മറ്റൊരു പിസിആർ ടെസ്റ്റ് കൂടി വേണമെന്നാണ് പുതുക്കിയ ഉത്തരവിൽ പറയുന്നത്. ഇതിനുള്ള ചിലവ് യാത്രക്കാരൻ തന്നെ വഹിക്കണം.
അതേസമയം പുതിയ ഉത്തരവോടെ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാർ എത്തി നെഗറ്റീവ് പരിശോധന ഫലം ലഭിച്ചാലും ഇനി മുതൽ പതിനാല് ദിവസത്തെ സെൽഫ് മോണിട്ടറിങ്ങ് നിർബന്ധമാകും. അതേസമയം ഈ കാലയളവിൽ പുറത്തിറങ്ങാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.



