നികുതി വെട്ടിപ്പ് തടയാൻ 65 ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ അധികാരം നൽകി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: മൂല്യവർദ്ധിത നികുതി , എക്സൈസ് തീരുവ, ബഹുരാഷ്ട്ര കമ്പനികൾക്കുള്ള നികുതി എന്നിവയിലെ വെട്ടിപ്പുകളും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി നാഷണൽ ബ്യൂറോ ഫോർ റെവന്യൂവിലെ 65 ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് അധികാരം നൽകി. രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനും പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനുമാണ് ഈ നടപടി.
നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് അൽ മആവദ പുറപ്പെടുവിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് 39 എൻബിആർ ഉദ്യോഗസ്ഥർക്ക് വാറ്റ്, എക്സൈസ് നികുതി ലംഘനങ്ങൾ അന്വേഷിക്കാനും, 26 ഉദ്യോഗസ്ഥർക്ക് അന്താരാഷ്ട്ര കമ്പനികളുടെ (MNEs) നികുതി സംബന്ധമായ കുറ്റകൃത്യങ്ങൾ മേൽനോട്ടം വഹിക്കാനുമാണ് പ്രത്യേക ജുഡീഷ്യൽ അധികാരം നൽകിയിട്ടുള്ളത്.
2025-ൽ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ എൻബിആർ 1,216 പരിശോധനകൾ നടത്തിയിരുന്നു. നിർമ്മാണം, ഉൽപ്പാദനം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, യാത്രാ ഏജൻസികൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയ മേഖലകളിലായിരുന്നു പ്രധാന പരിശോധന. വിപണിയിൽ 86.5 ശതമാനം നിയമപാലനം ഉറപ്പാക്കാൻ എൻബിആറിന് സാധിച്ചു. പരിശോധനകളിൽ വാറ്റ് ലംഘനവുമായി ബന്ധപ്പെട്ട് 145 കേസുകളും എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട് 19 കേസുകളും റിപ്പോർട്ട് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. വാറ്റ് ഇൻവോയ്‌സുകൾ കൃത്യമായി നൽകാതിരിക്കുക, വാറ്റ് ഉൾപ്പെടുത്തിയ വില പ്രദർശിപ്പിക്കാതിരിക്കുക, ഡിജിറ്റൽ സ്റ്റാമ്പില്ലാത്ത എക്സൈസ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലംഘനങ്ങൾ.
ആരോഗ്യ മേഖലയിലെ ലൈസൻസിംഗും സേവനങ്ങളും നിരീക്ഷിക്കുന്ന നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (NHRA) അക്കൗണ്ടബിലിറ്റി കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയ്യിദ് അറിയിച്ചു. മൂന്ന് വർഷത്തെ കാലാവധിയോടെയാണ് പുതിയ സമിതി രൂപീകരിച്ചത്.
ഹൈ സിവില്‍ അപ്പീൽ കോടതിയിലെ രണ്ട് ജഡ്ജിമാർ, എൻഎച്ച്ആർഎ ഹെൽത്ത് പ്രൊഫഷൻസ് റെഗുലേഷൻ വിഭാഗം മേധാവി, ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് പുതിയ സമിതി. ആരോഗ്യ രംഗത്തെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഉത്തരവാദിത്ത വിഷയങ്ങളും ഈ സമിതിയാണ് പരിശോധിക്കുക.
ബഹ്‌റൈനിലെ തൊഴിലില്ലായ്മ ഇൻഷുറൻസ് നിയമ നിർവ്വഹണം നിരീക്ഷിക്കുന്നതിനുള്ള സംയുക്ത സമിതിയും പുനഃസംഘടിപ്പിച്ചു. തൊഴിൽ, നിയമകാര്യ മന്ത്രി യൂസിഫ് ഖലഫാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തൊഴിൽ മന്ത്രാലയത്തിലെയും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് ഈ സമിതി. തൊഴിലില്ലായ്മ ഇൻഷുറൻസ് ആനുകൂല്യങ്ങളുടെ വിതരണവും നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും.

