ഷോപ്പിങ് കഴിഞ്ഞിട്ടും സാധനം കിട്ടിയില്ലേ? ഏറ്റവും കൂടുതൽ പരാതി ഫ്ലിപ്കാർട്ടിനും ആമസോണിനും എതിരെയെന്ന് സർക്കാർ


ഷീബ വിജയൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്തൃ പരാതികൾ നേരിടുന്ന 10 ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 2025ൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഫ്ലിപ്കാർട്ട്, ആമസോൺ, മീഷോ എന്നീ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ്. ലോക്‌സഭയിൽ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബി.എൽ. വർമ്മയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

1.33 ലക്ഷം പരാതികളാണ് ഫ്ലിപ്കാർട്ടിനെതിരെ ലഭിച്ചത്. ആമസോൺ (91,248), മീഷോ (29,284) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. മിന്ത്ര, നെറ്റ്മെഡ്സ്, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, നാപ്തോൾ, വി.എൽ.ഇ ബസാർ, നൈക്ക എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികൾ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സാധനങ്ങൾ ഓർഡർ ചെയ്ത ശേഷം അത് ലഭിക്കാത്തതാണ് (നോൺ ഡെലിവറി) ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നം. 2025ൽ മാത്രം ഇത്തരത്തിൽ 79,818 പരാതികൾ ലഭിച്ചു. തെറ്റായ ഉൽപ്പന്നങ്ങൾ ലഭിക്കുക, കൃത്യസമയത്ത് റീഫണ്ട് നൽകാതിരിക്കുക, കേടുപാടുകൾ സംഭവിച്ച സാധനങ്ങൾ നൽകുക, വാറന്റി/റീഫണ്ട് നിഷേധിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന പരാതികൾ.

ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈൻ വലിയ നേട്ടമാണ് കൈവരിച്ചത്. 2025 ഏപ്രിൽ 25 മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിൽ 91 കോടി രൂപയിലധികം തുക ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കാൻ ഹെൽപ്പ്‌ലൈൻ വഴിയൊരുക്കി. ഇതിൽ 63 കോടി രൂപയും ഇ-കൊമേഴ്‌സ് മേഖലയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടതാണ്. പരാതികൾ കോടതിയിലെത്തും മുമ്പ് തന്നെ പരിഹരിക്കാൻ ഈ സംവിധാനം സഹായിക്കുന്നുണ്ട്. അന്യായമായ വ്യാപാര രീതികൾക്കെതിരെ കർശന നടപടിയാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 47 പ്ലാറ്റ്‌ഫോമുകൾക്ക് 1.12 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ പരാതികൾ 1915 എന്ന ടോൾ-ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാം. മലയാളം ഉൾപ്പെടെ 17 ഭാഷകളിൽ സേവനം ലഭ്യമാണ്. വാട്‌സ്ആപ്പ് (8800001915), ഇമെയിൽ, നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈൻ ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴിയും പരാതികൾ നൽകാവുന്നതാണ്.

article-image

ാീൈാീാീൈാീൈാൗൈ

You might also like

  • Lulu Exchange
  • Straight Forward

Most Viewed