ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ഭാഗമായ 'ദി കോൺഫിഡൻസ് കഫേ'യുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
രാവിലെ പതാക ഉയർത്തലോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വൈകീട്ട് മുതിർന്നവർക്കായി "രാജ്യസ്നേഹം: വാക്കുകളിലോ, പ്രവൃത്തിയിലോ?" എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇരുപതിലേറെ പേർ മാറ്റുരച്ച മത്സരത്തിൽ പ്രദീപ് പുറവങ്കര, സജി മാർക്കോസ്, ബോണി എന്നിവരായിരുന്നു വിധിനിർണ്ണയം നിർവ്വഹിച്ചത്.
സമാജത്തിന്റെ ചരിത്രത്തിലാദ്യമായി ഭിന്നശേഷിക്കാരിയായ ഒരു പെൺകുട്ടി പ്രസംഗമത്സരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പ്രഗത്ഭരായ മറ്റ് മത്സരാർത്ഥികളോടൊപ്പം തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രകടനം കാഴ്ചവെച്ച റിച്ചു പൊന്നു റോയി , കാണികളുടെയും വിധികർത്താക്കളുടെയും പ്രശംസ പിടിച്ചുപറ്റി. റിച്ചുവിന് പ്രത്യേക ജൂറി പുരസ്കാരവും സമ്മാനിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമാജം ആക്ടിങ് പ്രസിഡന്റ് രവികുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. കവിയും എഴുത്തുകാരനുമായ മനോജ് കളരിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ അദ്ദേഹത്തിന് സമാജത്തിന്റെ ഉപഹാരം നൽകി ആദരിക്കുകയും, മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു.
കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, ദേശഭക്തി നൃത്തങ്ങൾ, സമാജം അംഗമായ രാജേഷിന്റെ സാക്സോഫോൺ വായന എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടി. പ്രസംഗവേദി ജോയിന്റ് കൺവീനർ ജിബി കളീക്കൽ ആശംസകൾ അറിയിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജോയി പോളി നന്ദി രേഖപ്പെടുത്തി. ഷിബു ജോൺ പരിപാടികളുടെ പൂർണ്ണ നിയന്ത്രണം നിർവ്വഹിച്ചു.
പ്രസംഗ മത്സരത്തിൽ മുജീബ് റഹ്മാൻ ഒന്നാം സ്ഥാനവും, ജേക്കബ് മാത്യു രണ്ടാം സ്ഥാനവും, അശോക് ശ്രീശൈലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
sfggd

