ആഴക്കടൽ മത്സ്യബന്ധന വിവാദം; കൂടുതൽ രേഖകൾ പുറത്തുവിട്ട് ചെന്നിത്തല


തിരുവനന്തപുരം: ആഴക്കടൽ മത്സ്യ ബന്ധന ആരോപണത്തിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് രണ്ട് രേഖകൾ കൂടി ചെന്നിത്തല പുറത്ത് വിട്ടു. ഇഎംസിസി അസൻറിൽ വച്ച് ഒപ്പുവച്ച ധാരണാ പത്രവും 4 ഏക്കർ സ്ഥലം അനുവദിച്ച് നൽകിയതിന്റെ രേഖയുമാണ് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടത്. സർക്കാർ പലതും മുടി വയ്ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. മൂന്ന് വർഷത്തെ ചർച്ചക്ക് ശേഷമാണ് ഒപ്പ് വച്ചത്. കന്പനി അധികൃതർ മുഖ്യമന്ത്രിയെ അടക്കം കണ്ടു. ഫിഷറീസ് നയത്തിന് വിരുദ്ധമാണെങ്കിൽ എന്തിന് അസന്റിൽ വെച്ച് ധാരണാ പത്രം ഒപ്പുവെച്ചെന്ന് ചോദിച്ച ചെന്നിത്തല സർക്കാരിന് ദുരുദ്ദേശമില്ലെങ്കിൽ ധാരണാ പത്രം റദ്ദാക്കുമോയെന്നും വെല്ലുവിളിച്ചു. 

ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ട കെഎസ്ഐസിഎൻഎൽ എംഡി പ്രശാന്തിനെ ചൊല്ലിയുളള മുഖ്യമന്ത്രിയുടെ ഒളിയന്പിന് ചെന്നിത്തല മറുപടി നൽകി. ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പ്രശാന്ത് എന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പ്രശാന്തിന് ഉത്തരവാദിത്വമുണ്ടെങ്കിൽ അദ്ദേഹം അനുഭവിക്കും. ഞാൻ പ്രശാന്തുമായോ ഇഎംസിസി പ്രതിനിധികളുമായോ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ആരോപണങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് പരസ്പര വിരുദ്ധ മറുപടികളാണ്. ഇത് ദുരൂഹമാണ്. താൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ല. ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടുകയാണ്. അമേരിക്കയിൽ വച്ച് മന്ത്രി മേഴ്സിക്കുട്ടി ഇഎംസി സിയുമായി ചർച്ച നടത്തിയെന്ന ആരോപണത്തിൽ താൻ ഉറച്ച് നിൽക്കുകയാണ്. ആദ്യം ആരെയും കണ്ടില്ലെന്ന് പറഞ്ഞ മന്ത്രിക്ക് താൻ ഫോട്ടോ പുറത്ത് വിട്ടതോടെ സമ്മതിക്കേണ്ടി വന്നു. ന്യു യോർക്കിലും കേരളത്തിലും വച്ച് ചർച്ച നടത്തിയിട്ടുണ്ട്. പദ്ധതി നടക്കില്ലെങ്കിൽ എന്തിന് പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം അനുവദിച്ചുവെന്ന് വ്യക്തമാക്കണം. കള്ളം കയ്യോടെ പിടിച്ചപ്പോൾ ജയരാജന് സമനില തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed