അപൂർവങ്ങളിൽ അപൂർവം! 4 മാസത്തിനിടെ 22 പ്രതികൾക്ക് വധശിക്ഷ വിധിച്ച് ഒരു ജഡ്ജി
ഷീബ വിജയൻ
നാലു മാസത്തിനിടെ ജഡ്ജി വിധിച്ചത് 22 വധശിക്ഷകൾ. യുപിയിലെ മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ വിധികളാണ് ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളിലാണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത്. ജഡ്ജി രവികുമാറിന്റെ വിധികളുടെ പശ്ചാത്തലത്തിൽ, അപൂർവങ്ങളിൽ അപൂർവം എന്ന വാദവും വീണ്ടും ചർച്ചയാകുകയാണ്.
മുസാഫർനഗറിൽ ചുമതലയേറ്റെടുത്ത ശേഷം ജഡ്ജി രവികുമാർ ദിവാകർ 10 കേസുകളിലായാണ് 22 പ്രതികൾക്ക് മരണശിക്ഷ വിധിച്ചത്. വധശിക്ഷയിൽ റെക്കോർഡാണ് ജഡ്ജി രവികുമാർ കുറിച്ചിരിക്കുന്നത്. നേരത്തെ ബറൈലി കോടതിയിൽ ജോലി ചെയ്യവെ 13 പേർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇതോടെ ജഡ്ജി രവികുമാർ ദിവാകർ ആകെ മരണശിക്ഷ വിധിച്ച പ്രതികളുടെ എണ്ണം 35 ആയിട്ടുണ്ട്.
അഡ്വക്കേറ്റ് സമീർ സൈഫിയുടെ കൊലപാതകത്തിൽ ഏപ്രിൽ ആറിന് മൂന്നു പേർക്ക് വധശിക്ഷ വിധിച്ചതാണ്, മുസാഫർനഗർ സെഷൻസ് ജഡ്ജിയായിരിക്കെയുള്ള ആദ്യ വിധി. ഒരു കൊലപാതകക്കേസിൽ ഏപ്രിൽ 28 ന്, സ്ത്രീ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവർച്ചാ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർക്കാണ് അവസാനമായി വധശിക്ഷ വിധിച്ചത്.
വധശിക്ഷ വിധിക്കുന്നത് വളരെ ആലോചനകൾക്കു ശേഷവും 'അപൂർവങ്ങളിൽ അപൂർവം' എന്ന തത്വത്തിന്റെ പവിത്രത മനസ്സിൽ വെച്ചും ആയിരിക്കണമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അഭിഭാഷകൻ പറഞ്ഞു. അതേസമയം, ബി.എൻ.എസ്.എസ്.-ന്റെ സെക്ഷൻ 407(1) പ്രകാരം, സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവെക്കേണ്ടതാണ്. ഹൈക്കോടതി വിധി അംഗീകരിച്ചാൽ മാത്രമേ ശിക്ഷ നടപ്പാക്കാൻ സാധിക്കുകയുള്ളൂ.
sxcxzssz

