ഉക്രൈനിൽ മിസൈൽ മഴ പെയ്യിച്ച് റഷ്യ; ഇന്ത്യൻ വ്യവസായ ഭീമന്റെ പ്ലാന്റിൽ 2 മരണം
ഷീബ വിജയൻ
കീവ്: ഉക്രൈനിലെ ക്രൈവി റിഹിൽ പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തൽ സ്റ്റീൽ പ്ലാന്റിന് നേരെ റഷ്യയുടെ കടുത്ത മിസൈൽ ആക്രമണം. ഞായറാഴ്ച രാത്രിയിലുണ്ടായ ഈ ആക്രമണത്തിൽ പ്ലാന്റിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെടുകയും 14 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ജന്മനാടായ ക്രൈവി റിഹിലെ ഏറ്റവും വലിയ വ്യാവസായിക സ്ഥാപനങ്ങളിലൊന്നാണ് ആർസലർ മിത്തൽ പ്ലാന്റ്.
മിസൈലാക്രമണത്തിൽ പ്ലാന്റിലെ പ്രധാന വൈദ്യുത ഉൽപാദന കേന്ദ്രങ്ങൾക്കും ബ്ലാസ്റ്റ് ഫർണസുകൾക്കും വലിയ തോതിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവെച്ചതായി കമ്പനി അധികൃതർ അറിയിച്ചു.
സംഭവിച്ച നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. റഷ്യയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉക്രൈൻ നടത്തിയ നൂറുകണക്കിന് ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് റഷ്യ ഈ മിസൈൽവർഷം നടത്തിയത്. രാജസ്ഥാൻ സ്വദേശിയായ ലക്ഷ്മി എൻ. മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ നിർമാണ കമ്പനിയാണ്. 2006ൽ മിത്തൽ സ്റ്റീൽ യൂറോപ്യൻ വ്യവസായ ഭീമനായ ആർസലറുമായി ലയിച്ചതോടെയാണ് ആർസലർ മിത്തൽ എന്ന സ്ഥാപനം രൂപംകൊണ്ടത്.
hghjghjghhg

