ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ് 2021 ഓൺലൈനിൽ ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ്-2021 ഓൺലൈനിൽ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയഗാനത്തോടെ ആരംഭിച്ചു. ഗൗരി രാകേഷ്, ഗായത്രി രാകേഷ്, സംഭവി സിംഗ് എന്നിവര്‍ സ്കൂൾ പ്രാർത്ഥന ആലപിച്ചപ്പോൾ വിശുദ്ധ ഖുറാന്‍ പാരായണം സൈനബ് ഫിറോസ് നടത്തി. ഗുരു ഗ്രന്ഥ് സാഹിബിൽ നിന്നുള്ള പാരായണം ബവനീത് കോര്‍ നിര്‍വഹിച്ചു. പവനീത് കോര്‍ ശബാദ് പ്രാർത്ഥന നടത്തി. അധ്യാപിക രേവ റാണി സ്വാഗതം പറഞ്ഞു. പഞ്ചാബി ഭാഷാ വിദ്യാർത്ഥികൾക്കായി കഥപറച്ചിൽ, കവിത പാരായണം, പഞ്ചാബി നാടോടി ഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. 'പഞ്ചാബി ഭംഗ്ര ഡാൻസ്' പോലുള്ള വൈവിധ്യമാർന്ന പരിപാടികളും പ്രധാന ആകർഷണമായിരുന്നു. വിവിധ മത്സരങ്ങളിലെ ജേതാക്കളുടെ പേരുകൾ വകുപ്പ് മേധാവി ബാബു ഖാൻ പ്രഖ്യാപിച്ചു. പവനീത് കോര്‍ നന്ദി പറഞ്ഞു.

