നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്പത് പൊലീസുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം


കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്പത് പൊലീസുകാരെ പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയിട്ടുളളത്. 

എസ്ഐ കെ എ സാബുവാണ് ഒന്നാം പ്രതി. എഎസ്‌ഐ സിബി, പൊലീസുകാരായ റജിമോൻ, നിയാസ്, സജീവ് ആന്റണി, ജിതിൻ കെ ജോർജ്, ഹോംഗാർഡ് കെ എം ജെയിംസ് തുടങ്ങിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ പ്രതികൾ വ്യാജമായി തെളിവുകളുണ്ടാക്കിയതായും സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സിബിഐ കോടതിയിൽ അറിയിച്ചു. എസ് പി വേണുഗോപാൽ, ഡിവൈഎസ്പി ഷംസ്, ജയിൽ ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയവർക്കെതിരെയാണ് അന്വേഷണം തുടരുന്നത്. 2020 ജനുവരിയിലാണ് സിബിഐ നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2019 ജൂൺ 12നാണ് ചിട്ടി തട്ടിപ്പിന്റെ പേരിൽ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാലു ദിവസം കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed