ഒഐസിസി ബഹ്‌റൈൻ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
മനാമ: ലോകത്ത് വർദ്ധിച്ചു വരുന്ന അസമത്വത്തിനും, അക്രമത്തിനും, ആരാജകത്വത്തിനും പരിഹാരം ഗാന്ധിയൻ ദർശനങ്ങളെയും, കാഴ്ചപ്പാടുകളെയും മുറുകെ പിടിക്കുന്ന ഭരണ ക്രമങ്ങൾ വരുക എന്നുള്ളതാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അഭിപ്രായപ്പെട്ടു. ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി പഠിപ്പിച്ച ആദർശങ്ങളും, ഗാന്ധിജിയുടെ ദർശനങ്ങളും ഇല്ലാതാക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അതേസമയം ഗാന്ധിജിയുടെ നിർദേശങ്ങൾ നെഞ്ചേറ്റി കൊണ്ട് നടക്കുക എന്നതാണ് ഓരോ കോൺഗ്രസ്സുകാരന്റെയും ചുമതല എന്നും റിജിൽ മാക്കുറ്റി അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതവും, ദേശീയ സെക്രട്ടറി ജവാദ് വക്കം നന്ദിയും രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. സി ഷമീം നടുവണ്ണൂർ യോഗം നിയന്ത്രിച്ചു.

