ബജറ്റിന് പിന്നാലെ സ്വർണവില കുറയുന്നു....
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില താഴോട്ട്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണത്തിന്റെ വില 35,800 രൂപയായി. മൂന്ന് ദിവസത്തിനിടെ ആയിരം രൂപയാണ് കുഞ്ഞത്. ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. 4475 രൂപയാണ് ഗ്രാമിന്റെവില. സ്വർണവില എക്കാലത്തേയും ഉയർന്ന നിലവാരമായ 42000 രൂപയെത്തിയ ശേഷം 2020 നവംബർ 30നാണ് കുറഞ്ഞ വിലയായ 36,760 രൂപ രേഖപ്പെടുത്തിയത്. മൂന്ന് മാസത്തിന് ശേഷം വില വീണ്ടും കുറഞ്ഞിരിക്കുകയാണ്.
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്നും 7.50 ശതമാനമായാണ് കുറച്ചത്. സ്വർണകള്ളക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. സ്വർണത്തിന് പുറമെ വെള്ളി, ചെന്പ് തുടങ്ങിയവയുടേയും ഇറക്കുമതി തീരുവ സർക്കാർ കുറച്ചിട്ടുണ്ട്.

