വിവാദങ്ങൾക്കൊടുവിൽ കേരളീയ സമാജം വിമാന സേവനം നിർത്തി

മനാമ: നാട്ടിൽ നിന്ന് പ്രവാസികളെ ബഹ്റൈനിലേയ്ക്ക് എത്തിക്കുന്ന ശ്രമങ്ങളിൽ നിന്ന് ബഹ്റൈൻ കേരളീയ സമാജം പിൻമാറിയതായി സമാജം ഭാരവാഹികൾ അറിയിച്ചു. സമാജത്തിൽ പണം നൽകി പേർ റെജിസ്റ്റർ ചെയ്തവർക്ക് ഇന്ന് മുതൽ അത് റിഫണ്ട് ചെയ്യുമെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള അറിയിച്ചു. വൈകുന്നേരം ഏഴ് മണി മുതൽ 9 മണി വരെയാണ് റിഫണ്ട് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതുവരെയായി കേളത്തിൽ നിന്ന് 1050 പേരെയാണ് സമാജം ബഹ്റൈനിൽ എത്തിച്ചത്. എട്ട് വിമാനങ്ങളിൽ 120 പേരും, ഒരു വിമാനത്തിൽ 90 പേരെയുമാണ് കൊണ്ട് വന്നത്. ഇനി 450ഓളം പേരാണ് ലിസ്റ്റിൽ ബാക്കിയുള്ളത്.
എന്നാൽ ഗൾഫ് എയർ വിമാന കന്പനി ഇവർക്കായി പ്രത്യേക സർവീസ് നടത്താൻ സാധിക്കില്ല എന്ന് അറിയിച്ചതോടെയാണ് സമാജം ഈ സേവനം നിർത്തിയിരിക്കുന്നത്. അതേസമയം സമാജത്തെ സമീപിച്ച ഒക്ടോബർ 10നുള്ളിൽ വിസാകാലാവാധി തീരുന്നവർക്ക് മാത്രം അനുഭാവപൂർണമായി ഇനി വരുന്ന ഗൾഫ് എയർ വിമാനങ്ങളിൽ സീറ്റ് നൽകാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ ഗൾഫ് എയറിന്റെ സൈറ്റിൽ നേരിട്ട് സന്ദർശിച്ചോ ട്രാവൽ ഏജൻസി വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ എടുക്കാവുന്നതാണ്.