ശ്രദ്ധേയമായി ബഹ്‌റൈൻ കെ.എം.സി.സി മോട്ടിവേഷണൽ ക്ലാസ്
മനാമ: കൊവിഡ് സേവന−പ്രതിരോധ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കൊറോണക്കാലവും അതിജീവനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച റാഷിദ് ഗസ്സാലിയുടെ ഓണ്‍ലൈന്‍ മോട്ടിവേഷണൽ ക്ലാസ് ശ്രദ്ധേയമായി. ബഹ്‌റൈനിലെ കെ.എം.സി.സി പ്രവർത്തകർക്ക് മാനസിക കരുത്തേകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 600 ഓളം സംസ്ഥാന കൗൺസിലർമാർക്കായാണ് ഓൺലൈൻ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചത്.
പ്രതിസന്ധി ഘട്ടങ്ങളെയും വിഷമതകളെയും മറികടക്കാൻ നമുക്ക് വേണ്ടത് ശുഭാപ്തി വിശ്വാസമാണെന്നും ശുഭപ്രതീക്ഷകളാണ് കൊറേണക്കാലത്തെ അതിജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വർഷം പ്രവാസലോകത്ത് ജീവിക്കുന്നതിന് പകരം ഓരോരുത്തരും അവരുടെ മേഖലകൾ കണ്ടെത്തി പ്രവർത്തിച്ചാൽ ചുരുങ്ങിയ കാലത്തിനുള്ള ജീവിത ലക്ഷ്യം നേടാൻ കഴിയും. ഓരോരുത്തർക്കും അവരുടെ മേഖലകളെ കുറിച്ചും തന്റെ കഴിവുകളെ കുറിച്ചും ബോധ്യമുണ്ടായിരിക്കണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം തന്റെ ലക്ഷ്യ പൂർത്തീകരണത്തിന് തന്റെ പ്രവേഗം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത്. തന്റെ സന്പാദ്യത്തെ കുറിച്ചും ചെലവിനെ കുറിച്ചും വ്യക്തമായ ബജറ്റ് ഓരോരുത്തരും തയ്യാറാക്കണം.
പ്രതിസന്ധി കാലങ്ങളിൽ വരുമാനം കുറയുന്പോൾ ചെലവ് സമാന രീതിയിൽ ചുരുക്കാൻ പ്രവാസികൾ പഠിക്കണം. അനാവശ്യമായ ധൂർത്തുകളും ചെലവുകളും ആഡംബരങ്ങളും പ്രവാസികൾ ഒഴിവാക്കേണ്ടതുണ്ട്. അതുപോലെ തന്നെ നമ്മുടെ ജീവിത വഴിയിൽ അച്ചടക്കവും ശുചിത്വവും നമുക്ക് പാലിക്കാൻ സാധിക്കണം. ഈ കൊറോണക്കാലവും നമ്മെ പഠിപ്പിക്കുന്നത് ശുചിത്വത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ്. ശുചിത്വമുണ്ടെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യത്തെ സൂക്ഷിക്കാൻ സാധിക്കൂകയുള്ളൂ. എത്ര തിരക്കുകളുണ്ടെങ്കിലും വ്യായാമവും ശുചിത്വവും നമ്മുടെ കൂടെ കൂട്ടണം. ദിനവും അരമണിക്കൂർ നേരമെങ്കിലും ശാരീരിക വ്യായാമത്തിന് നാം സമയം കണ്ടെത്തണം. എല്ലാതലത്തിലും ജീവിതത്തിന് ഒരു അച്ചടക്കം വരുത്താന്‍ നമുക്ക് സാധിക്കണമെന്നും ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

