'തണലി 'ന് തുണയായി ബഹ്‌റൈൻ ചാപ്റ്റർ മുന്നോട്ട്

മനാമ: നിരാലംബരായ രോഗികളുടെയും അഗതികളുടെയും കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളുമായി കേരളത്തിൽ പ്രവർത്തിക്കുന്ന തണലിന് കൈത്താങ്ങാവുകയാണ് അതിന്റെ ബഹ്‌റൈൻ ചാപ്റ്ററും പ്രവർത്തനങ്ങളും. ആരംഭിച്ച കാലം മുതൽക്ക് പ്രവാസികളുടെ സഹകരണത്തോടെ നല്ല നിലയിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ മുന്നോട്ട് പോവുകയാണെന്ന് ഭാരവാഹികൾ വാർത്താസേമ്മളനത്തിൽ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ ബഹ്റൈൻ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്നും അനേകംപേർക്ക് സഹായകരമായതായും അവർ പറഞ്ഞു. വൃക്കരോഗികളുടെയും ഭിന്നശേഷിയുള്ള കുട്ടികളുടെയും അതിജീവനം ഏറ്റെടുത്ത് നടത്തുന്നതിൽ ഏറെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഒരു വൃക്ക രോഗിക്ക് മാസത്തിൽ 13 ഡയാലിസിനും മരുന്നിനുമായി നല്ലൊരു തുക ആവശ്യമാണ്. സാധുക്കളായ രോഗികൾക്ക് ഡയാലിസിസ് സൗജന്യമായി നടത്തിക്കൊടുക്കാൻ ബഹ്റൈൻ തണൽ പ്രവർത്തകർ 300 ഒാളം വൃക്കരോഗികൾക്ക് പ്രതിമാസം സഹായം നൽകുന്നുണ്ട്. 2009 ൽ കോഴിക്കോട് ജില്ലയിലെ വടകരയിൽ വളരെ പരിമിതമായ സൗകര്യങ്ങളിൽ മുളപൊട്ടിയ തണൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് ശ്രേണിയായി വളർന്നതായും സംഘാടകർ പറഞ്ഞു. പ്രവാസ ലോകത്ത് ചർച്ചാവിഷയങ്ങളായ കിഡ്‌നി കെയർ മെഗാ എക്സിബിഷനും, ഭിന്നശേഷിക്കാരായ കുട്ടികളെ നാട്ടിൽ നിന്നും കൊണ്ട് വന്നു നടത്തിയ ‘ഡിഫറെൻറിലി ഏബിൾഡ് ചിൽഡ്രൻസ് പ്രോഗ്രാ’മും പ്രവാസികളിലുണ്ടാക്കിയ പ്രതികരണം വലുതായിരുന്നു. കൊല്ലം സ്വദേശി അഫ്സൽ, വടകര ചോറോട് സ്വദേശി അജയൻ, ബാലുശ്ശേരി സ്വദേശി അബൂബക്കർ എന്നിവരുടെ ചികിത്സയുടെ കാര്യത്തിൽ തണൽ കൈകൊണ്ട് നടപടികൾ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നവ ആയിരുന്നു. വിവിധ ലേബർ ക്യാമ്പുകളിലും ആശുപത്രികളുമായും സഹകരിച്ച് തണൽ നടത്തിയ മെഡിക്കൽ ക്യാമ്പുകൾ വൃക്ക രോഗത്തെ നേരത്തെ കണ്ടെത്തി ചികിൽസിക്കാനുള്ള അവബോധം പ്രവാസികളിൽ വളർത്തിയതായും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡോ. ഇദിരീസ്, റസാഖ് മൂഴിക്കൽ, സോമൻ ബേബി, യു.കെ. ബാലൻ, റഷീദ് മാഹി, റഫീഖ് അബ്ദുല്ല, അബ്ദുൽ മജീദ് തെരുവത്ത്, എ.പി. ഫൈസൽ, മുജീബ് മാഹി, ഫൈസൽ പാട്ടാണ്ടി, ലത്തീഫ് കൊയിലാണ്ടി, ജമാൽ കുറ്റിക്കാട്ടിൽ, ഇബ്രാഹിം പുറക്കാട്ടിരി, ഹുസൈൻ വയനാട് എന്നിവർ പെങ്കടുത്തു.