ഇന്ത്യ -പാകിസ്താൻ മത്സരവിവാദം; വാർത്താ സമ്മേളനത്തിൽ രാഷ്ട്രീയ ചോദ്യങ്ങൾ പാടില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ


ശാരിക

ദുബൈ l ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ -പാകിസ്താൻ ഗ്രൂപ്പ് റൗണ്ട് മത്സരത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വാർത്താ സമ്മേളനത്തിൽ രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്ന് എ.സി.സി മാർഗ നിർദേശം പുറത്തിറക്കി. ഇന്ത്യൻ ടീം അംഗം കുൽദീപ് യാദവായിരുന്നു മധ്യമങ്ങൾക്ക് മുമ്പാകെ എത്തിയത്. വാർത്താ സമ്മേളനം തുടങ്ങും മുമ്പേ ഇന്ത്യൻ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കായിരുന്നു എ.സി.സിയുടെ നിർദേശം.

കളിക്കളത്തിലെ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞ ദിവസങ്ങളിലും എ.സി.സി മീഡിയ വിങ്ങ് ഇടപെടലുകൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പാകിസ്താൻ-യു.എ.ഇ മത്സരത്തിൽ പാകിസ്താൻ ടീമിന്റെ വൈകൽ സംബന്ധിച്ച് യു.എ.ഇ ക്യാപ്റ്റനോട് ചോദ്യമുയർന്നപ്പോഴും മീഡിയ വിങ് കാര്യമായി തന്നെ ഇടപെട്ടു. ഇന്ത്യൻ ടീമിന്റെ വാർത്താ സമ്മേളനത്തിൽ രാഷ്ട്രീയ ചോദ്യങ്ങൾക്ക് പൂർണമായും വിലക്കേർപ്പെടുത്തിയ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ, ക്രിക്കറ്റ് സംബന്ധ ചോദ്യങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി.

14ന് നടന്ന ഇന്ത്യ-പാകിസ്താൻ മത്സരവും, തുടർന്നുണ്ടായ നാടകീയ സംഭവ വികാസങ്ങളുമാണ് എ.സി.സിയെ പുതിയ ചിട്ടകൾ പിന്തുടരാൻ പ്രേരിപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി നടന്ന ടോസിടലിനു ശേഷം ഇന്ത്യൻ നായകൻ സുര്യകുമാർ യാദവും, പാകിസ്താൻ നായകൻ സൽമാൻ ആഗയും പരസ്പര ഹസ്തദാനത്തിനു നിൽക്കാതെ കളം വിട്ടിരുന്നു. മത്സര ശേഷവും ഇരു ടീം അംഗങ്ങളും ഹസ്തദാനം ചെയ്തില്ല. തുടർന്ന്, മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാന്റെ നേതൃത്വത്തിൽ രംഗത്തു വന്നതോടെയാണ് കളിക്കളത്തിനു പുറത്തെ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

മാച്ച് റഫറിയെ ഒഴിവാക്കിയില്ലെങ്കിൽ തുടർ മത്സരം ബഹിഷ്‍കരിക്കുമെന്നായി പാകിസ്താൻ. എന്നാൽ, ഈ ആവശ്യം എ.സി.സിയും ഐ.സി.സിയും തള്ളുകയായിരുന്നു. ബുധനാഴ്ച നടന്ന യു.എ.ഇ-പാകിസ്താൻ മത്സരവും വിവാദങ്ങളുടെ നടുവിലായി മാറി. ബഹിഷ്‍കര ഭീഷണി തുടർന്ന പാകിസ്താൻ ക്രിക്കറ്റ് ടീം, ഒരു മണിക്കൂർ വൈകിയാണ് കളിക്കാൻ സന്നദ്ധമായത്.

കളിക്കു പുറത്ത്, ഇന്ത്യയും പാകിസ്താനും തമ്മിലെ രാഷ്ട്രീയ, നയതന്ത്ര ഭിന്നതകൾ ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും പടർന്നതോടെ കൂടുതൽ വിവാദം ഒഴിവാക്കുന്നതിനായാണ് മാധ്യമങ്ങൾക്ക് ചോദ്യ വിലക്ക് ഏർപ്പെടുത്തിയത്.

article-image

zxczc

You might also like

  • Lulu Exchange
  • Straight Forward

Most Viewed