വിമാനത്തിനുള്ളിൽ എലി; ഇൻഡിഗോ വിമാനം മൂന്ന് മണിക്കൂർ വൈകി

ഷീബ വിജയൻ
കാൺപൂർ I വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനം മൂന്ന് മണിക്കൂർ വൈകി. കാൺപൂരിൽനിന്നും ഡൽഹിയിലേക്ക് കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് 2:55ന് പുറപ്പെടാനിരുന്ന വിമാനത്തിലാണ് എലിയെ കണ്ടത്. എല്ലാവരും വിമാനത്തിൽ കയറിയ ശേഷമാണ് ഒരാൾ ക്യാബിനിൽ എലിയെ കണ്ടതും ജീവനക്കാരെ വിവരമറിയിച്ചതും. തുടർന്ന് യാത്രക്കാരെയെല്ലാം വിമാനത്തിൽനിന്ന് ഒഴിപ്പിച്ചു. മുൻകരുതലെന്ന നിലയിലാണ് യാത്രക്കാരെ പുറത്തിറക്കിയത്. വിമാനത്തിനുള്ളിൽ എലിയെ കണ്ടെന്ന വാർത്ത കാൺപൂർ വിമാനത്താവളത്തിലെ മാധ്യമ ചുമതലയുള്ള വിവേക് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒന്നര മണിക്കൂർ എലിയെ കണ്ടെത്താനുള്ള തിരച്ചിൽ നീണ്ടു. ഇതേതുടർന്ന് വൈകുന്നേരം 4:10ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം വൈകീട്ട് 6:03നാണ് കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. രാത്രി 7:16നാണ് ഡൽഹിയിൽ എത്തിയത്.
fffddghhghf