പുതിയ നീക്കവുമായി സി.കെ. ജാനു; തദ്ദേശ തെരഞ്ഞെടുപ്പിൽ ജെആർപി യുഡിഎഫിനൊപ്പം ചേർന്നേക്കും

ഷീബ വിജയൻ
കോഴിക്കോട് I തദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാനുള്ള നീക്കവുമായി ആദിവാസി നേതാവ് സി.കെ. ജാനു. ആദിവാസി, പിന്നാക്ക വിഭാഗ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാർഡുകളിൽ മത്സരിക്കാനാണ് നീക്കം. ഞായറാഴ്ച ചേർന്ന സംസ്ഥാന കമ്മറ്റിയിലാണ് ഭൂരിഭാഗം അംഗങ്ങളും യുഡിഎഫിനൊപ്പം ചേരാനുള്ള താത്പര്യം അറിയിച്ചത്. യുഡിഎഫിനൊപ്പം ചേരുന്നതാണ് ഉചിതമെന്ന് അംഗങ്ങൾ പറഞ്ഞു. എൻഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ പാർട്ടി, ഉടൻ ഒരു മുന്നണിയുടെ ഭാഗമാകുമെന്ന് സി.കെ. ജാനു വ്യക്തമാക്കിയിരുന്നു. ഏതാനും നാളുകൾക്ക് മുമ്പാണ് സി.കെ. ജാനുവിന്‍റെ നേതൃത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) എൻഡിഎയിൽനിന്ന് വിട്ടത്. എൻഡിഎ വിട്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ജെആർപിയുമായി സഹകരിക്കാൻ താൽപര്യപ്പെട്ട് ചെറുതും വലുതുമായ പല പാർട്ടികളും സമീപിച്ചു. ഭാരതീയ ദ്രാവിഡ ജനതാ പാർട്ടി ജെആർപിയിൽ ലയിച്ചു. മറ്റുപല ചെറിയ ഗ്രൂപ്പുകളും താൽപര്യം അറിയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഏതെങ്കലുമൊരു മുന്നണിയുമായി ചേർന്നു പോകണമെന്നാണ് ജെആർപി താൽപര്യപ്പെടുന്നത്. ഏത് മുന്നണിയെന്ന അന്തിമ തീരുമാനം ഇപ്പോഴായിട്ടില്ല. മുന്നണികളുടെ ഭാഗമാകാഞ്ഞതിനാൽ പട്ടിക വിഭാഗങ്ങളുടെ ആവശ്യങ്ങൾ എവിടെയും സംബോധന ചെയ്യപ്പെടുന്നില്ല. സമരം നടക്കുമ്പോൾ വാർത്തകളിൽ വരുന്നതു മാത്രമേയുള്ളൂ. അവരുടെ ഉന്നമനത്തിന് രാഷ്ട്രീയ ഇടപെടൽ ഉണ്ടായേ മതിയാകൂ. അതിന് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകേണ്ടതുണ്ട്. പട്ടിക വിഭാഗക്കാർ നിയമസഭയിൽ ഉണ്ടായിട്ടും അവർ ഒരു വിഷയവും ചർച്ച ചെയ്യാൻ തയാറാകുന്നില്ല. വി.ഡി. സതീശനും പി.സി. വിഷ്ണുനാഥും പോലുള്ള യുഡിഎഫ് നേതാക്കളാണ് ചില കാര്യങ്ങൾ അൽപമെങ്കിലും സംസാരിച്ചിട്ടുള്ളതെന്ന് സി.കെ. ജാനു വ്യക്തമാക്കി.
DSDDSAFEDS