സോപാനം വാദ്യസംഗമം ഒരുക്കങ്ങളായി ;കൊട്ടിക്കയറാൻ മട്ടന്നൂരും ജയറാമും

സോപാനം വാദ്യസംഗമം ഒരുക്കങ്ങളായി ;കൊട്ടിക്കയറാൻ മട്ടന്നൂരും ജയറാമും മനാമ:
ബഹ്‌റൈൻ സോപാനം വാദ്യകലാസംഘത്തിന്റെ പത്താം വാര്ഷികത്തോടനുബന്ധിച്ചു 2019 നവംബർ 8, 9 തീയതികളിൽ
നടക്കുന്നവാദ്യസംഗമം പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു..പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ, സിനിമാതാരങ്ങളായ പത്മശ്രീ ജയറാം, മനോജ്. കെ .ജയൻ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി എത്തും. ബഹറൈനിൽ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും വലിയ വേദിയാണ് വാദ്യസംഗമത്തിനായി ഒരുങ്ങുന്നത്. 50 മീറ്റർ നീളവും 10 മീറ്റർ വീതിയുമുളള വേദി ആസ്വാദകർക്ക് വേറിട്ട അനുഭവമായിരിക്കും. അനിൽ മാരാർ രക്ഷാധികാരിയായും, നവീൻ വിജയൻ കൺവീനറായും, ചന്ദ്രശേഖരൻ, ജോഷി ഗുരുവായൂർ, ഷൈൻരാജ്, ദേവദാസ്, മഹേഷ് നാട്ടിക, രാജേഷ് മാരാർ, ബാലഗോപാൽ തുടങ്ങിയവർ ജോ: കൺവീനറുമായ 251അംഗ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. വാദ്യസംഗമത്തോടനുബന്ധിച്ച് പ്രശസ്ത പുല്ലാംകുഴൽ വിദഗ്ധൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ സംഗീതപരിപാടിയും, 101 ഗായകരും, 101 നർത്തകരും ചേർന്നൊരുക്കുന്ന ശാസ്ത്രീയ സംഗീത നൃത്തരൂപവും വാദ്യസംഗമ വേദിയിൽ അരങ്ങേറും.
പ്രശസ്ത സിനിമാതാരം പത്മശ്രീ ജയറാം & പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവർ നയിക്കുന്ന പാണ്ടിമേളം, അപൂർവ്വമായ ഇരുപന്തി പഞ്ചാരിമേളം, കാഞ്ഞിലശ്ശേരി പത്മനാഭൻ, തിച്ചൂർ മോഹനൻ, പല്ലാവൂർ ശ്രീധരൻ, കോട്ടക്കൽ രവി, പാഞ്ഞാൾ വേലുക്കുട്ടി, ചെറുതാഴം ഗോപാലകൃഷ്ണ മാരാർ, കൊരയങ്ങാട് സാജു, സന്തോഷ് കൈലാസ് തുടങ്ങിയവർ നേതൃത്വം നൽകുന്ന പഞ്ചവാദ്യം എന്നിവ വാദ്യസംഗമത്തിൽ അരങ്ങേറും. ഇന്ത്യൻ സ്കൂളിലെ 15 വിദ്യാർത്ഥികൾ അടക്കം നാൽപത് വാദ്യകലാകാരന്മാർ വാദ്യസംഗമം വേദിയിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിക്കും.
500 ൽപരം വാദ്യകലാകാരന്മാരാണു വാദ്യസംഗമം 2019 ന്റെ അരങ്ങിൽ എത്തുന്നത്. നവംബർ 8 നു വൈകിട്ട് 5 മണിക്ക് നടക്കുന്ന "വാദ്യസംഗമം 2019" പ്രശസ്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരങ്കുട്ടിമാരാർ ഉത്ഘാടനം ചെയ്യും. പത്താം വാർഷികത്തോടനുബന്ധിച്ച് സോപാനം പുറത്തിറക്കുന സുവനീർ "തൗര്യത്രികം" മനോജ് കെ ജയൻ പ്രകാശനം ചെയ്യും. കേളി, സോപാന സംഗീതം തുടങ്ങി അപൂർവ്വമായ ഇരട്ടപന്തി പഞ്ചാരി മേളവും അരങ്ങേറും.
നവംബർ 9 നു വൈകിട്ട് 5 മണി മുതൽ കൊമ്പുപറ്റ്, കുഴൽ പറ്റ് തുടർന്ന് പല്ലാവൂർ ശ്രീധരൻ , കോട്ടക്കൽ രവി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, രാജേഷ് ചേർത്തലയുടെ പുല്ലാംകുഴൽ ഫ്യൂഷൻ, തുടർന്ന് പത്മശ്രീ ശങ്കരൻകുട്ടി മാരാർ , പത്മശ്രീ ജയറാം എന്നിവർ നയിക്കുന്ന ഇലഞ്ഞിത്തറ മേളം എന്നിവയുണ്ടാകും. അതോടൊപ്പം കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ ആദ്യ വിദേശഘടകത്തിന്റെ ഉത്ഘാടനവും, പത്താം വാർഷികം പ്രമാണിച്ച് ഇന്ത്യൻ സ്കൂളിലെ നിർധനരായ പത്ത് വിദ്യാർത്ഥികൾക്കുളള വിദ്യാഭ്യാസ ധനസഹായ സമർപ്പണവും വാദ്യസംഗമം വേദിയിൽ നടത്തപ്പെടും. വാർത്താ സമ്മേളനത്തിൽ അനിൽ മാരാർ, സന്തോഷ്കൈലാസ്, സേതുരാജ് കടയ്ക്കൽ, നവീൻ വിജയൻ, രാജേഷ് മാരാർ, തൃശൂർ മോഹനൻ, പാഞ്ഞാൾ വേലുക്കുട്ടി, കാഞ്ഞിലശേരി പത്മനാഭൻ, ഷൈൻ രാജ് എന്നിവരും സംബന്ധിച്ചു.