ബഹ്‌റൈൻ  കേരളീയ സമാജം; ഇനി തെരെഞ്ഞെടുപ്പ്  'ആഘോഷത്തിലേക്ക് '


മനാമ:മലയാളി   കൂട്ടായ്മയായ ബഹ്‌റൈൻ കേരളീയ സമാജം  ഭരണ സമിതി തെരെഞ്ഞെടുപ്പ് നവംബർ 15  ന് നടക്കുമെന്നു പ്രഖ്യാപനം വന്നതോടെ മലയാളികൾ ഇനി തെരെഞ്ഞെടുപ്പ് ആഘോഷത്തിലേക്ക് കടക്കും. കേരളത്തിൽ നടക്കുന്ന മറ്റെല്ലാ ആഘോഷവും  പോലെ തന്നെ ഇവിടെ  മലയാളികൾക്ക് തെരഞ്ഞെടുപ്പും  'ഒരാഘോഷമാണ് '.നിലവിൽ ഭരണത്തിലുള്ള  പാനലും പ്രതിപക്ഷ  പാനലുമാണ്  നേരിട്ടുള്ള മത്സരം നടക്കുക. ബഹ്‌റൈൻ കേരളീയ സമാജം അംഗങ്ങൾക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്.  മറ്റു മലയാളി സംഘടനകൾക്ക്  സമാജം തെരെഞ്ഞെടുപ്പിൽ യാതൊരുവിധ മേൽക്കൈയുമില്ല. എങ്കിലും സമാജം അംഗങ്ങൾ ആയുള്ള വിവിധ സംഘടനകൾ പ്രചാരണത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികൾ ആകുന്നത് കൊണ്ട് സമാജം തെരെഞ്ഞെടുപ്പ് മറ്റു സംഘടനകളുടെയും കൂടി പ്രവർത്തനങ്ങൾ  പല തരത്തിലും ബന്ധപ്പെട്ടു കിടക്കുന്നു. സമാജം തെരെഞ്ഞെടുപ്പ് മാത്രമാണ് അംഗങ്ങൾക്ക് നിജപ്പെടുത്തിയതെങ്കിലും മെമ്പേഴ്‌സ് നൈറ്റ് ഒഴികെ  എല്ലാ പരിപാടികളും മലയാളി സമൂഹത്തിനു പങ്കെടുക്കുവാൻ സാധിക്കുന്ന ആഘോഷങ്ങൾ ആണ്. ജി സി രാജ്യങ്ങളിൽ വച്ച് തന്നെ തീർത്തും സൗജന്യമായി പരിപാടികൾ പൊതുസമൂഹത്തിന് ആസ്വദിക്കാൻ കഴിയുന്ന ഏറ്റവും വലിയ ഇടമാണ് ബഹ്‌റൈൻ കേരളീയ സമാജം. ഏകദേശം 1500 ഓളം അംഗങ്ങൾ ഉള്ള സമാജത്തിലെ ഭരണത്തിൽ ഇതുവരെ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ നേരിട്ട് ഉണ്ടാകാറില്ല എന്നതും പ്രവർത്തനങ്ങളെ വ്യത്യസ്തമാക്കുന്നു. പക്ഷെ ബഹ്‌റൈനിലെ വിവിധ സംഘടനകളുടെയും  ചില സംഘടനാ നേതാക്കൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്‌ഥാനങ്ങളുടെയും പിന്തുണയോടെ തന്നെയാണ് ഇരു വിഭാഗവും വരും നാളുകളിൽ മത്സര രംഗത്തേയ്ക്കും വോട്ട് തേടാനും ഇറങ്ങുന്നത്.ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു കൂട്ടരും സജീവമാകുന്ന കാഴ്ചയാണ് പോയ വർഷങ്ങളിൽ കണ്ടിരുന്നത്. നിലവിലെ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള തന്നെ ആയിരിക്കും യുണൈറ്റഡ് പാനലിനെ നയിക്കുക എന്നത്  തീരുമാനമായി പ്രവർത്തങ്ങളും  സാമൂഹ്യ മാധ്യമങ്ങൾ വഴി തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷവും സ്‌ഥാനാർഥികളെ നിർത്തുമെന്നുള്ള സൂചന തന്നെയാണ് പ്രോഗ്രസീവ് പാനലിന്റെ നേതൃ നിരയിലുള്ള ജനാർദ്ദനൻ പറഞ്ഞത്. അടുത്ത ദിവസങ്ങളിൽ തന്നെ സ്‌ഥാനാർഥികളുടെ പ്രഖ്യാപനം നടക്കുമെന്നാണ് കരുതുന്നത്.പതിവിൽ നിന്ന് വിപരീതമായി ഇത്തവണ തൊട്ട് രണ്ടു വർഷത്തേയ്ക്ക് ആയിരിക്കും ഭരണ സമിതിയുടെ കാലാവധി എന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഒരു വർഷം കൊണ്ട് ഭരണസമിതിക്ക് പല പ്രവർത്തനങ്ങളും ചെയ്തു തീർക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നിയമ ഭേദഗതി വരുത്തി മന്ത്രാലയത്തിന്റെ അനുവാദത്തോടെ ഇത്തവണ രണ്ടുവര്ഷത്തേയ്‌ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള തെരെഞ്ഞെടുപ്പ് നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed