ടിക് ടോക്ക് ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണി അന്വേഷിക്കണമെന്ന് അമേരിക്കൻ സെനറ്റർമാർ
വാഷിങ്ടൺ: ചൈനീസ് ആപ്ലിക്കേഷനായ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷൻ ടിക് ടോക്ക് ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച അന്വേഷിക്കണമെന്ന് രണ്ട് മുതിർന്ന അമേരിക്കൻ സെനറ്റർമാർ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ടിക് ടോക്ക് ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുവെന്നാണ് ആരോപണം. ആഗോളതലത്തിൽ 50 കോടി ഉപയോക്താക്കളുള്ള ടിക് ടോക്ക് കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. 60 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകൾ പങ്കുവെക്കാൻ അനുവദിക്കുന്ന ടിക് ടോക്ക് അടുത്തിടെ ഡൗൺലോഡുകളുടെ എണ്ണത്തിൽ ഫെയ്സ്ബുക്കിനേയും ഇൻസ്റ്റാഗ്രാമിനേയും മറികടന്നു.
ദേശീയ രഹസ്യാന്വേഷണ വിഭാഗം ആക്ടിംഗ് ഡയറക്ടർ ജോസഫ് മഗ്വയറിനുള്ള കത്തിൽ സെനറ്റിലെ ഡെമോക്രാറ്റ് നേതാവായ ചക്ക് ഷമ്മറും റിപ്ലബ്ലിക്കൻ സെനറ്ററായ ടോം കോട്ടനുമാണ് ടിക് ടോക്ക് ഉടമ ബൈറ്റ്ഡാൻസ് ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉപഭോക്തൃ വിവരങ്ങൾ കൈമാറാൻ നിർബന്ധിതരായേക്കുമെന്ന ആശങ്ക ഉയർത്തി.
ഇത് ഉപയോക്താക്കളുടെ ഫോണുകളിലേക്കും കംപ്യൂട്ടറുകളിലേക്കും പിൻവാതിൽ പ്രവേശനം അനുവദിക്കുമെന്നും ഇവർ ആരോപിക്കുന്നു. ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയ്ക്ക് എതിരെയും ഇതേ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരുന്നത്.

