ബി.കെ.എസ്. ബാലകലോത്സവം 2019: ജേതാക്കളെ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം 2019ന്റെ കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീതരത്ന, സാഹിത്യരത്ന, ചിത്രകലാരത്ന ഗ്രൂപ്പ് ചാംപ്യൻഷിപ്എന്നീ അവാർഡുകളും, മൂന്നു സ്പെഷല്‍ ആവാര്‍ഡുകളും പ്രഖ്യാപിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി..വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം. പി. രഘു എന്നിവർ പത്രകുറിപ്പിലൂടെയാണ് അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചത്.
ദേവ്ജി- ബി.കെ.എസ്. ബാലകലോത്സവത്തിന്റെ ഏപ്രിൽ 10 മുതൽ ജൂണ്‍ 5 വരെ നീണ്ടു നിന്ന മത്സരങ്ങളിൽ നൂറ്റിഅന്പതോളം മത്സരയിനങ്ങളിലായി അഞ്ഞൂറ്റിയൻപതിൽ കൂടുതൽ കുട്ടികളാണ് പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു മത്സരാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയ ഈ വർഷത്തെ പരിപാടികൾ അഞ്ചോളം വേദികളിലായാണ് നടത്തപ്പെട്ടത്. പ്രശസ്ത നർത്തകിമാരായ ഗീത പദ്മകുമാര്‍ , മിനി പ്രമോദ് ,മഞ്ജു വി നായര്‍ എന്നിവരാണ് മത്സരങ്ങളുടെ വിധിനിർണയങ്ങൾക്കായി നാട്ടിൽനിന്നും ഈ വർഷം എത്തിച്ചേർന്നത്.
ജനറൽ കൺവീനർ, മുരളീധര്‍ തമ്പാന്‍, കൺവീനർമാരായ വിനൂപ് കുമാര്‍, മധു പി നായര്‍, സജു സുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതില്‍പരം കമ്മിറ്റി അംഗങ്ങ ള്‍ ആണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. വിജയികൾക്കുള്ള സമ്മാനദാനം ജൂൺ 20 വൈകുന്നേരം 7 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്യും. ചടങ്ങില്‍ ഫ്ലവേഴ്സ് ടി വി എം ഡി യും,പ്രമുഖ ടെലിവിഷന്‍ അവതാരകനും ആയ ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയും പ്രകാശ് ദേവ്ജി വിശിഷ്ട അഥിതിയുമായിരിക്കുമെന്നു സമാജം ഭാരവാഹികൾ അറിയിച്ചു.വിജയികളായ എല്ലാവർക്കും അവരുടെ മാതാപിതാക്കൾക്കും ആശംസകൾ അർപ്പിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തില്‍ നിന്ന്

