ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പ് സൗജന്യ പരിശോധനയും സെമിനാറും
മനാമ:ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പിന്റെ വാർഷികത്തിന്റെ ഭാഗമായി സൗജന്യ പരിശോധനയും സെമിനാറും നടത്തുന്നു. അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 11നു സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ഔട്ട് പേഷ്യന്റ് ക്ലിനിക്കിലാണ് പരിശോധനയും മെയ് 12ന് സീഫിലെ റാമീ ഗ്രാൻഡ് ഹോട്ടൽ അനസ് സ്പായിൽ സെമിനാറും നടക്കുമെന്ന് പരിപാടിയുടെ ഓർഗനൈസിംഗ് ചെയർമാനും കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ടുമായ ഡോ: പി.വി. ചെറിയാൻ , ഫുഡ് വേൾഡ് റെസ്റ്റോറന്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഡോ: അജിത് പൈ (കാൻസർ വിഭാഗം), ഡോ; രാഹുൽ ലത്ത് (ന്യൂറോ, സ്‌പൈനൽ കോഡ്), ഡോ. കെ.ജെ. രഘുനാഥ് (ഗ്യാസ്‌ട്രോ വിഭാഗം), ഡോ.ബാലവർധൻ റെഡ്ഡി (അസ്ഥിരോഗം) എന്നിവരുടെ സേവനം, മെയ്11 വെള്ളിയാഴ്ച കാലത്തു 8.30 മണി മുതൽ 4.30 വരെ ലഭ്യമായിരിക്കും. മെഡിക്കൽ ചെക്കപ്പിന് വരുന്നവർ, സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ഗേറ്റ്8 വഴി അകത്തു കടന്നു ഹോസ്പിറ്റൽ ഗേറ്റ്3 ഉപയോഗപ്പെടുത്തേണ്ടതാണ്.
രജിസ്റ്റർ ചെയ്യുന്നതിന് 33478000, 33750999, 39461746, എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മെയ് 12 ശനിയാഴ്ച കാലത്തു 9 മുതൽ വൈകീട്ട് 5 വരെ സീഫിലെ റാമീ ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന സെമിനാർ ‘റീസെന്റ് അഡ്വാൻസ് ഇൻ ക്ലിനിക്കൽ മാനേജ്മന്റ്’ എന്ന ആധുനിക മെഡിക്കൽ രംഗത്തെ വിഷയങ്ങൾ അപ്പോളോയിലെയും, ബഹ്റൈനിലെയും ഡോക്ടർമാർ കൈകാര്യം ചെയ്യും. ആരോഗ്യ രംഗത്തെ പ്രമുഖരോടൊപ്പം, ബഹ്‌റൈനിലെ വിവിധ സാംസ്‌കാരിക, മത, സാമൂഹിക രംഗത്തെ പ്രശസ്തരും പങ്കെടുക്കുന്ന സെമിനാറിൽ ബഹ്‌റൈനിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും, നേഴ്‌സ്മാരും, പാരാമെഡിക്കൽ സ്റ്റാഫും പങ്കെടുക്കും. ആരോഗ്യ രംഗത്ത് തൽപരരായ മറ്റുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.
ബഹ്‌റൈനിൽ പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതക്കെതിരെയും, ഹൃദയാഘാത മരണനിരക്ക് കുറക്കുന്നതിനും ഉപകരിക്കുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു.കാൻസർ ബോധവൽക്കരണം വിവിധ സ്‌കൂൾ, അസോസിയേഷൻ സഹകരണത്തോടെ നടത്തി വരുന്ന വിവരവും, സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് കാൻസർ വാർഡ് സന്ദർശനം, കാൻസർ രോഗികൾക്ക് ചികിത്സക്കുള്ള ബഹ്‌റൈനിലെയും, നാട്ടിലെയും ചികിത്സ സൗകര്യം ചിലവുകുറഞ്ഞ നിരക്കിൽ ലഭ്യമാക്കൽ എന്നിവ കാൻസർ കെയർ ഗ്രൂപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ആണെന്നും അവർ അറിയിച്ചു.

