പാപ്പരത്ത നിയമത്തിലെ പഴുത് ഇല്ലാതാക്കി
മനാമ : കന്പനികൾക്കും വ്യക്തികൾക്കും പാപ്പരായി പ്രഖ്യാപിക്കുന്നതിലൂടെ കടങ്ങൾ വീട്ടുന്നതിൽനിന്നും ഒഴിവാകാമെന്നുള്ള ബഹ്‌റൈൻ നിയമത്തിലെ പഴുത് ഇല്ലാതാക്കി. പാപ്പരായി പ്രഖ്യാപിക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ നിലവിലുള്ള കടങ്ങൾ കൊടുത്തുതീർക്കണമെന്ന് നിഷ്കർഷിക്കുന്ന പാപ്പരത്ത നിയമം ആർട്ടിക്കിൾ 195 ഇന്നലെ ഷൂറാ കൗൺസിൽ അംഗീകരിച്ചു. നിലവിലുള്ള 1987ലെ നിയമതത്തിൽ മാറ്റം വരുന്നതോടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ മുതൽ തിരിച്ചുപിടിക്കാനുള്ള അവസരമുണ്ടാകും.
നിലവിലെ നിയമപ്രകാരം പണം നൽകാനുള്ളവർ പാപ്പരായി പ്രഖ്യാപിച്ചാൽ ശിക്ഷാർഹരാകുമെന്ന് ഷൂറാ കൗൺസിൽ ഫിനാൻഷ്യൽ ആൻഡ് എക്കണോമിക് അഫേഴ്സ് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മസ്കതി പറഞ്ഞു. പലരും പണം കടമെടുത്തിട്ട് തിരികെ നൽകാറില്ലെന്നും ഇത് നഷ്ടമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ പാപ്പരായി പ്രഖ്യാപിക്കുന്നവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഇവർക്ക് രാജ്യത്തേക്ക് മടങ്ങിവരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമപ്രകാരം കടബാധ്യതയുള്ള കന്പനികളും വ്യക്തികളും ജുഡീഷ്യൽ കമ്മീഷന്റെ മേൽനോട്ടത്തിനുകീഴിൽ വരും. എന്നാൽ കമ്മീഷൻ അംഗങ്ങളിൽ ചിലർ ഇത്തരത്തിലുള്ളവർക്ക് കടം വീട്ടാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിലെ നിയമത്തിൽ പാപ്പരായി പ്രഖ്യാപിക്കുന്നവർ കടം വീട്ടണമെന്ന് യാതൊരു വ്യവസ്ഥയുമില്ലെന്നും അവർക്ക് അതിനുള്ള പണം ഇല്ലെന്നും അൽ മസ്കതി പറഞ്ഞു. എന്നാൽ പുതിയ നിയമത്തിൽ ജഡ്ജിമാർ ഉൾപ്പെടുന്ന കമ്മീഷന് അവരുടെ ചുറ്റുപാടുകൾ പഠിക്കാനും കടം വീട്ടാനുള്ള ആസ്തി ഉണ്ടോയെന്ന് പരിശോധിക്കാനുമുള്ള അവസരമുണ്ട്.
പുതിയ നിയമപ്രകാരം രാജ്യത്തെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ പണം നഷ്ടപ്പെടുകയില്ല എന്ന് ഉറപ്പാക്കാനാകും. ചില കേസുകളിൽ പണം തിരികെ നൽകുന്നത് ഒഴിവാക്കാനായി വ്യക്തികൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുകയും തങ്ങളുടെ വസ്തുക്കൾ വിൽക്കുകയും ചെയ്ത് കോടതിയിൽനിന്നും അനുകൂല വിധി സന്പാദിച്ച് പാപ്പരായി പ്രഖ്യാപിക്കാറുണ്ട്. പുതിയ നിയമത്തിൽ കന്പനികളും വ്യക്തികളും ഉൾപ്പെടുമെങ്കിലും പണമിടപാട് സ്ഥാപനങ്ങളും ഇൻഷുറൻസ് കന്പനികളും സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെ (സി.ബി.ബി.) കീഴിലാകും വരുന്നത്.

