പകുതിയിൽ കൂടുതൽ തൊഴിലാളികളുടെയും പ്രതിമാസ വരുമാനം 200 ബഹ്‌റൈൻ ദിനാറിൽ താഴെ
മനാമ : രാജ്യത്തെ പകുതിയിൽ കൂടുതൽ തൊഴിലാളികളുടെയും പ്രതിമാസ വരുമാനം 200 ബഹ്‌റൈൻ ദിനാറിൽ താഴെയാണെന്ന് പഠനം. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2017ന്റെ നാലാം പാദത്തിൽ 7,63,112 തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഇതിൽ 3,307 ബഹ്‌റൈനികൾ ഉൾപ്പെടെ 3,80,084 പേർക്ക് 200 ബഹ്‌റൈൻ ദിനാറിൽ താഴെയാണ് പ്രതിമാസ വരുമാനം.
കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളിൽ ഭൂരിഭാഗവും പ്രവാസികളാണ്. 3,76,777 പ്രവാസി തൊഴിലാളികളിൽ 19,380 പേർ സ്ത്രീകളാണ്. കണക്കുകൾ പ്രകാരം 757 പേർക്ക് 50 ബഹ്‌റൈൻ ദിനാറിൽ താഴെമാത്രമാണ് പ്രതിമാസ വരുമാനം. അതേസമയം ആറ് ബഹ്റൈനികൾ ഉൾപ്പെടെ 342 പേർ 1,500 ബഹ്‌റൈൻ ദിനാറിന് മുകളിൽ വരുമാനമുള്ളവരുമാണ്.
രാജ്യത്ത് 2,532 സ്വദേശികൾ നിരക്ഷരരാണ്. ഇവരിൽ 14 പേർ 50 ബഹ്‌റൈൻ ദിനാറിനും 99 ബഹ്‌റൈൻ ദിനാറിനും ഇടയിൽ പ്രതിമാസ വരുമാനമുള്ളവരാണ്. 1025 പേർ 250 ബഹ്‌റൈൻ ദിനാറിനും 299 ബഹ്‌റൈൻ ദിനാറിനും ഇടയിൽ പ്രതിമാസ വരുമാനമുള്ളവരും 98 പേർ 1,500 ബഹ്‌റൈൻ ദിനാറിന് മുകളിൽ വരുമാനമുള്ളവരുമാണ്.
നിർമ്മാണ മേഖലയിലാണ് കൂടുതൽ തൊഴിലാളികളും തൊഴിൽ ചെയ്യുന്നത്. കഴിഞ്ഞ വർഷം 12,077 ബഹ്്റൈനികൾ ഉൾപ്പെടെ 166,275 പേരാണ് നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്തിരുന്നത്. ഈ വർഷത്തെയും വർക്ക് പെർമിറ്റിൽ 42.5 ശതമാനം പേരും രജിസ്റ്റർ ചെയ്തിരിക്കുന്നത് നിർമ്മാണ മേഖലയിൽ നിന്നാണ്. 15.3 ശതമാനം പേർ ഹോൾസെയിൽ റീടെയിൽ വ്യാപാര മേഖലയിൽ നിന്നുള്ളവരും 11.2 ശതമാനം പേർ ഫുഡ് ആൻഡ് അക്കമഡേഷൻ മേഖലയിൽ നിന്നുള്ളവരുമാണ്.
2016ൽ പുതുക്കിയ വർക്ക് പെർമിറ്റുകളുടെ എണ്ണം 75,341 ആയിരുന്നപ്പോൾ കഴിഞ്ഞ വർഷം അത് 44,087 ആയി കുറഞ്ഞു. അടുത്തിടെ ഏർപ്പെടുത്തിയ ഫ്ളെക്സിബിൾ വർക്ക് പെർമിറ്റ് ഉൾപ്പെടെ ആണിത്. 2016ൽ ബഹ്‌റൈനി തൊഴിലാളിയുടെ ശരാശരി വേതനം 519 ബഹ്‌റൈൻ ദിനാറായിരുന്നത് 2017ൽ 522 ബഹ്‌റൈൻ ദിനാറായി.
