ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം
മനാമ : രോഗിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലാണ് (എസ്.എം.സി) സംഭവം. ഹെറിഡിറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിൽ സിക്കിൾ സെൽ ഡിസീസ് (എസ്.സി.ഡി) ചികിത്സക്കായെത്തിയ രോഗിയും ഡോക്ടറും തമ്മിലുണ്ടായ വാഗ്‌വാദം ഏറ്റുമുട്ടലിൽ കലാശിക്കുകയും ഡോക്ടർക്ക് പരിക്കേൽക്കുകയുമായിരുന്നു.
എന്നാൽ സംഭവത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ ശക്തമായി അപലപിച്ച ആരോഗ്യ മന്ത്രാലയം, രോഗികളുടെ ഇത്തരം പെരുമാറ്റങ്ങൾ നിർഭാഗ്യകരമാണെന്നും വ്യക്തമാക്കി. ജോലിക്കിടെ ഡോക്ടറെ രോഗി ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്ന് ആശുപത്രി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് അമീൻ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഡോക്ടർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് ഹെറിഡിറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിന്റെ പ്രവർത്തനം തടസ്സപ്പെട്ടു.
സുരക്ഷാസേനയും മുതിർന്ന ഉദ്യോഗസ്ഥരും ഇടപെട്ട് സാഹചര്യങ്ങൾ നിയന്ത്രിച്ചതായും നിലവിൽ സമാധാനപരമായ അന്തരീക്ഷത്തിൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുന്നുണ്ടെന്നും ഡോ. അമീൻ പറഞ്ഞു. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രാലയത്തിലെ ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് രണ്ട് എസ്.സി.ഡി രോഗികൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
