ഭക്ഷണവും വൈദ്യുതിയും ഇല്ലാതെ കപ്പൽ ജീവനക്കാർ ഒമാൻ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ
മനാമ : ശന്പളവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ കപ്പൽ ജീവനക്കാർ ഒമാൻ തീരത്ത് ഒറ്റപ്പെട്ട അവസ്‌ഥയിൽ കഴിയുന്നു. ബഹ്‌റൈനിലെ ഒരു ഷിപ്പിംഗ് കന്പനിയുടെ ഉടമസ്‌ഥതയിലുള്ള കപ്പലിലെ ജീവനക്കാരാണ് ഒമാൻ അതിർത്തിക്കുള്ളിൽ സമുദ്രത്തിൽ ദുരിതക്കയത്തിൽ കഴിയുന്നത്. കന്പനി ജീവനക്കാരെ തീർത്തും ഉപേക്ഷിച്ച അവസ്‌ഥയിലാണുള്ളത്. മിഡിൽ ഈസ്റ്റിൽ ഷിപ്പിംഗ് കാർഗോക്കായി പ്രവർത്തിക്കുന്ന ബഹ്‌റൈനി ഷിപ്പിംഗ് കന്പനിയുടെ ജീവനക്കാർക്ക് മാസങ്ങളായി ശന്പളവും ലഭിക്കുന്നില്ല
ഇന്ധനക്ഷാമം, ഭക്ഷണസാധനങ്ങളുടെ ദൗർലഭ്യം തുടങ്ങിയ സാഹചര്യങ്ങളിൽ കപ്പൽ ഇപ്പോൾ ഒമാൻ സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കുകയാണ്. കപ്പലിൽ വൈദ്യുത ബന്ധം ഇല്ല. ഒമാൻ അധികൃതരുടെ കരുണയിലാണ് ജീവനക്കാർ ഇപ്പോൾ താമസിക്കുന്നത്. തൊഴിലുടമകൾ കഴിഞ്ഞ ഏഴ് മാസമായി ഇവർക്ക് പണം നൽകിയിട്ടില്ല. 18 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. എന്നാൽ മിക്കവരും മടങ്ങിപ്പോയി. ആർക്കും പണമൊന്നും ലഭിച്ചതായി അറിയില്ലെന്ന് കപ്പൽ ജീവനക്കാരനായ മ്യാൻമർ സ്വദേശി തു യാ ആങ് പറഞ്ഞു. നിലവിൽ മൂന്ന് പേർ മാത്രമാണ് കപ്പലിൽ താമസിക്കുന്നതെന്നും പ്രതീക്ഷയറ്റ ജീവിതമാണ് നയിക്കുന്നതെന്നും തു യാ ആങ് പറഞ്ഞു. സിറിയക്കാരനായ ക്യാപ്റ്റൻ, ജോർദാനിൽനിന്നുള്ള ചീഫ് ഓഫീസർ, തു യാ ആങ് എന്നിവരാണ് കപ്പലിൽ ശേഷിക്കുന്നത്.
ആഗസ്റ്റിലാണ് തങ്ങൾ ഒമാനിൽ എത്തിയതെന്നും, നവംബറിൽ ജോർദാനിൽ നിന്നുള്ള മൂന്ന് പേർ കപ്പൽ വിട്ടതായും തു യാ ആങ് പറഞ്ഞു. മൂന്നാഴ്ചക്ക് ശേഷം അഞ്ച് ഈജിപ്തുകാരും മ്യാന്മറിൽനിന്നുള്ള ഒരാളും ഡിസംബറിൽ അഞ്ച് ഇന്ത്യാക്കാരും പോയി. ഫെബ്രുവരിയിൽ ഗുരുതര രോഗത്തെത്തുടർന്ന് റൊമാനിയയിൽനിന്നുള്ള ചീഫ് എൻജിനിയറും മടങ്ങിയതായി തു യാ ആങ് പറഞ്ഞു. ജബൽ അലിയിൽ നിന്ന് ഏപ്രിൽ എട്ടിന് താൻ കപ്പലിൽ ജോലിക്ക് ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് മാസത്തിന് ശേഷം ശന്പളം ലഭിക്കാത്തതിനെത്തുടർന്ന് വീട്ടിലേക്കു തിരിച്ചു പോകാൻ താൽപ്പര്യപ്പെട്ടു. എന്നാൽ ഉടമ ഇതു സമ്മതിച്ചില്ല. ഒടുവിൽ ഒമാനിൽ സലാലയിലേക്ക് പോകാൻ കന്പനി നിർദേശം നൽകി. അവിടെ എത്തിയപ്പോൾ, അവിടെ യാത്ര നിർത്തുവാനും സാഹചര്യം സംബന്ധിച്ച് അന്താരാഷ്ട്ര തൊഴിൽ സംരക്ഷണ സംഘടനകളോട് പരാതി നൽകാനും തങ്ങൾ തീരുമാനിക്കുകയുമായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. നവംബർ 10ന് കന്പനിയുടെ ഉടമയെ ബന്ധപ്പെട്ടപ്പോൾ ശന്പളത്തിൽ 50 ശതമാനം നൽകാമെന്നും താൽപ്പര്യമെങ്കിൽ വീട്ടിലേക്ക് മടങ്ങിപ്പോകാമെന്നും ഉടമ പറഞ്ഞതായും തു യാ ആങ് പറഞ്ഞു. എന്നാൽ താൻ ശന്പളത്തിന്റെ 75 ശതമാനം ആവശ്യപ്പെട്ടു. എന്നാൽ എന്റെ ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. കുടുംബങ്ങൾ വളരെ ആകുലരാണെന്നും മാസങ്ങളായി മറ്റു മനുഷ്യരെ തങ്ങൾ കണ്ടിട്ടില്ലെന്നും മനുഷ്യത്വരഹിതമായ സാഹചര്യമാണിതെന്നും തു യാ ആങ് പറഞ്ഞു.
