മിണ്ടാപ്രാണികളെ തനിച്ചാക്കി ‘ഡോഗ് ഫാദർ’ യാത്രയായി
മനാമ: തെരുവിലെ ദുരിതക്കയത്തിൽ നിന്നും അനേകം മൃഗങ്ങളെ ജീവിതത്തിലേയ്ക്ക് മോചിപ്പിച്ച ടോണി വസ്്റ്റേഴ്‌സ് അന്തരിച്ചു. മൃഗസ്നേഹിയും, മൃഗസംരക്ഷണം ജീവിത ലക്ഷ്യവുമായി തുടർന്നു പോന്നിരുന്ന ടോണി ‘ഡോഗ് ഫാദർ’ എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ടിരുന്നു. ടോണി ദ ഡോഗ് ഫാദർ എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ട ടോണി വസ്്റ്റേഴ്‌സ് കാൻസർ രോഗത്തെ തുടർന്ന് ഇന്നലെയാണ് നിര്യാതനായത്.
ഇംഗ്ലണ്ടുകാരനായ ടോണി 1985ൽലാണ് ബഹ്‌റൈനിലെത്തിയത്. മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും സ്നേഹവുംകൊണ്ട് തെരുവിൽ ഒറ്റപ്പെട്ടതും അസുഖബാധിതരുമായ പട്ടികളെ അദ്ദേഹം തന്റെ താമസ സ്ഥലത്തേയ്‌ക്ക് കൊണ്ടുപോയി സംരക്ഷണം നൽകിയിരുന്നു. പിന്നീട് ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞു തിരിയുന്നതും അസുഖ ബാധിതരുമായ നിരവധി തെരുവ് നായ്ക്കളെ അദ്ദേഹം ശുശ്രൂഷിക്കാൻ ആരംഭിച്ചു. അങ്ങനെ ടോണി ദ ഡോഗ് ഫാദർ എന്ന പ്രസ്ഥാനം ആരംഭിക്കുകയായിരുന്നു. മുറിവേറ്റതും അംഗ ഭംഗം സംഭവിച്ചതുമായ നിരവധി പട്ടികളെയും പൂച്ചകളെയും തന്റെ സ്ഥാപനത്തിൽ കൊണ്ടുവന്ന് രോഗചകിത്സ നടത്തി ജീവിതത്തിലേയ്ക്ക് അദ്ദേഹം കരകയറ്റിയിട്ടുണ്ട്. പൂർണ്ണമായും രോഗമുക്തി നേടിയ ജന്തുക്കൾ പിന്നീട് ടോണിയുടെ അഭയകേന്ദ്രത്തിലെ അന്തേവാസികൾ ആവുകയായിരുന്നു. പട്ടികളും പൂച്ചകളും കൂടാതെ കഴുതകൾ, കുരങ്ങുകൾ തുടങ്ങി ഒരു ചെറിയ മൃഗശാല തന്നെയാണ് സാറിലെ ടോണി ദി ഡോഗ് ഫാദർ എന്ന പ്രസ്ഥാനം. ടോണി വിട വാങ്ങിയതോടെ ഡോഗ് ഫാദറിലെ ജന്തുക്കൾ പരിചാരകരുടെ സംരക്ഷണയിലാണിപ്പോൾ.
