സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിയമനത്തിൽ ബഹ്റൈൻ സ്വദേശികൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെട്ട് ബിൽ
മനാമ: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ബഹ്റൈൻ സ്വദേശികളെ റിക്രൂട്ട് ചെയ്യാൻ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ബിൽ പാർലമെൻ്റ് അംഗങ്ങൾ പ്രതിനിധി സഭയിൽ സമർപ്പിച്ചു. റെപ്രസന്റേറ്റീവ്സ് കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ അലി അൽ അറാദിയും മറ്റ് നാല് എം.പിമാരുമടങ്ങുന്ന ബെഞ്ചാണ് ബില്ല് സമർപ്പിച്ചത്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിയമന സമയത്ത് ബഹ്റൈൻ സ്വദേശി ആ സ്ഥാനത്തേക്ക് ലഭ്യമാണെങ്കിൽ വിദേശിയുടെ കരാർ പുതുക്കരുതെന്നാണ് ബിൽ വ്യക്തമാക്കുന്നത്.
അംഗീകാരം ലഭിച്ചാൽ 2015ലെ നിലവിലുള്ള ലെജിസ്ളേറ്റീവ് ഡിക്രീ 21ൽ ഭേദഗതി വരുത്തും. ആരോഗ്യ കേന്ദ്രങ്ങളിൽ ബഹ്റൈൻ സ്വദേശികളായ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവരെ കൂടുതലായി നിയമിക്കാൻ ഈ ബില്ല് പ്രോത്സാഹിപ്പിക്കുന്നു. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളുടെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെയും എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്ന സമയത്ത്. ചൊവ്വാഴ്ച നടക്കുന്ന അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ല് ചർച്ച ചെയ്യും.
