വാതക കയറ്റുമതിക്കായുള്ള കരാറിൽ ഒപ്പ് വെച്ചിട്ടില്ലെന്ന് ബഹ്റൈൻ മന്ത്രി
മനാമ: ബഹ്റൈൻ, വാതക കയറ്റുമതി ചെയ്യുന്നതിനുള്ള കരാറുകളിലൊന്നും ഇതുവരെ ഒപ്പ് വെച്ചിട്ടില്ലെന്ന് എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ− ഖലീഫ സ്ഥിരീകരിച്ചു. 1932ൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം ആരംഭിച്ചതിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ എണ്ണ കണ്ടെത്തൽ ഈയിടെ നടന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു സ്ഥിരീകരണം അദ്ദേഹം നടത്തിയത്.
1.1 ബില്ല്യൺ ഘനഅടി പ്രവർത്തന ശേഷിയിലുള്ള രണ്ട് ഗ്യാസ് പദ്ധതികൾ പൂർത്തിയാക്കുന്നതിന്റെ പ്രവർത്തനത്തിലാണ് ഇപ്പോൾ രാജ്യം. 80 ബില്ല്യൺ ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ പുതിയ എണ്ണ മേഖലയ്ക്ക് കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞത് 80 ബില്ല്യൺ ബാരൽ എണ്ണയും, 10-−20 ട്രില്യൺ ഘനഅടി ആഴത്തിൽ വാതക നിക്ഷേപവും കണ്ടെത്തിയത്, യു.എസ് എണ്ണ ഉപദേഷ്ടാക്കളായ ഡിഗോലിയർ, മാക്നോഗ്ടൺ, ഓയിൽഫീൽഡ് സർവീസ് കന്പനിയായ ഹാലിബർട്ടൺ എന്നിവർ സ്ഥിരീകരിച്ചു. റിസർവോയറിന്റെ സാധ്യതകൾ കൂടുതൽ നിർണയിക്കാനും, പരമാവധി മെച്ചപ്പെടുത്താനും, ദീർഘകാല ഉൽപ്പാദനം ആരംഭിക്കുന്നതിനുമായി 2018ൽ രണ്ട് വിലയിരുത്തൽ കിണറുകൾ കൂടി നിർമ്മിക്കാൻ ഹാലിബർട്ടണുമായി ധാരണയിലെത്തിയതായി മന്ത്രി വ്യക്തമാക്കി.
