വിഷുക്കണി ഭക്തി സാന്ദ്രമായി : ആരാധനാലയങ്ങളിൽ വൻ തിരക്ക്
മനാമ : പതിവ് പോലെ ഈ വർഷത്തെ വിഷുക്കണി ദർശനത്തിന് നൂറുകണക്കിന് ഭക്തർ ബഹ്‌റൈനിലെ വിവിധ ക്ഷേത്രങ്ങളിലെത്തി. മേടമാസം ഒന്നാം തീയതി ഉദയശേഷം 2 നാഴിക 50 വിനാഴിക കഴിഞ്ഞാണ് സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്നത് എന്നതിനാലാണ് ഈ വര്‍ഷം വിഷു മേടം രണ്ടാം തീയതി ഏപ്രിൽ 15 ആയത്. കഴിഞ്ഞ വർഷം വെള്ളിയാഴ്ച ആയിരുന്നു വിഷു എന്നതിനാൽ പ്രവാസലോകത്ത് അവധി ആയിരുന്നു.
അതുകൊണ്ടു അവധി ഇല്ലാത്ത ഇന്ന് എത്തിയ വിഷുക്കണി കാണാൻ ആളുകൾ കുറയുമെന്നാണ് പൊതുവെ കരുതിയതെങ്കിലും പുലർച്ചെ മുതൽക്കു തന്നെ നൂറുകണക്കിന് ആളുകളാണ് വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലേയ്ക്ക് എത്തി വിഷുക്കണി ദർശനം നടത്തിയത്. എല്ലാ ക്ഷേത്രങ്ങളിലും ഭക്തർക്ക് നൽകാനായി വിഷുക്കൈനീട്ടമായി പട്ടിൽ പൊതിഞ്ഞ നാണയങ്ങൾ തയ്യാറാക്കി വച്ചിരുന്നു .മനാമ ശ്രീകൃഷ്ണ ക്ഷേത്രം, അദ്‌ലിയ കൃഷ്ണ ക്ഷേത്രം,കാനൂ അയ്യപ്പ ക്ഷേത്രം,മനാമ അയ്യപ്പ ക്ഷേത്രം,അറാദ് അയ്യപ്പ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലെല്ലാം അതിരാവിലെ മുതൽ വിഷുക്കണി ഒരുക്കിയിരുന്നു.

