അറബ് ഉച്ചകോടിക്ക് തുടക്കമായി
ദമാം : അറബ് ഉച്ചകോടിക്ക് ദമാംമിൽ തുടക്കമായി. സിറിയയിലെ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ആഭ്യന്തര കലാപങ്ങളും തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളും ചർച്ചയാകും. അറബ് രാജ്യങ്ങളിൽ ഇറാന്‍റെയും തുർക്കിയുടെയും ഇടപെടലുകൾക്കെതിരെ ഉച്ചകോടി ശക്തമായ വിമർശനമുയർത്തും.
ഖത്തർ പ്രതിസന്ധി ഉച്ചകോടിയിൽ വിശകലനം ചെയ്യില്ലെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദിൽ അൽ ജുബൈർ അറിയിച്ചു. എന്നാൽ അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാൻ ഇടപെടലുകൾ ഉച്ചകോടിയിൽ ചർച്ചയാവുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബ്ദുൽ ഗൈത് പറഞ്ഞിരുന്നു. ദമാംമിൽ നടക്കുന്ന ഇരുപത്തി ഒന്പതാമത് അറബ് ഉച്ചകോടിയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ഭൂരിഭാഗം അറബ് രാഷ്ട്ര നേതാക്കളും പങ്കെടുക്കും. എന്നാൽ അറബ് ലീഗിൽ നിന്ന് സിറിയയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
യു. എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ആഫ്രിക്കൻ യൂണിയൻ കമ്മീഷണർ മൂസ ഫക്കി, സിറിയയിലെ ഐക്യ രാഷ്ട്ര സഭയുടെ പ്രത്യേക ദൂതൻ സ്റ്റഫാൻ ഡി മിസ്തുറ അടക്കമുള്ള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം, അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാൻ ഇടപെടലുകൾ,ഭീകര വിരുദ്ധ പോരാട്ടം എന്നിവ ഉച്ചകോടിയിൽ മുഖ്യ ചർച്ചാ വിഷയമാകുമെന്നു അറബ് ലീഗ് വ്യക്താവ് മഹ്മൂദ് അഫീഫി പറഞ്ഞു.
അതേസമയം ഉച്ചകോടിയോട് അനുബന്ധിച്ചു നാളെ ദമാംമിലെ പ്രധാന നിരത്തുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും കിഴക്കൻ പ്രവിശ്യ ട്രാഫിക് ഡയറക്ട്രേറ്റ് അറിയിച്ചു.

